ലിഡ്‌കോംബിൽ തോക്കുധാരിയുടെ ഭീഷണി: സിഡ്‌നിയിൽ വീണ്ടും വെടിവെപ്പ് ഭീതി, പ്രദേശം പോലീസ് വലയത്തിൽ

സിഡ്‌നി: സിഡ്‌നിയിലെ ലിഡ്‌കോംബിൽ തോക്കുധാരിയായ ഒരാൾ യുവതിയെ ഭീഷണിപ്പെടുത്തിയതിനെ ത്തുടർന്ന് പ്രദേശം പോലീസ് വലയത്തിൽ. ഇന്നലെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ട സ്ഥലത്തിന് തൊട്ടടുത്തുള്ള ഊറിഗ് റോഡിലാണ് ഇന്ന് രാവിലെ 7:20-ഓടെ സംഭവം നടന്നത്. ഒരു മൾട്ടി-ലെവൽ കാർ പാർക്കിംഗിൽ വെച്ചാണ് കൈത്തോക്കുമായി എത്തിയ ഒരാൾ യുവതിയെ ഭീഷണിപ്പെടുത്തിയത്.

തോക്കുധാരിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതോടെ പോലീസ് പ്രദേശം വളയുകയും സമീപത്തുള്ള താമസ ക്കാരോടും ചൈൽഡ് കെയർ സെന്ററിലുള്ളവരോടും വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശിക്കുകയും ചെയ്തു. മുഖംമൂടി ധരിച്ച അക്രമി വെളുത്ത സുബാരു എസ്‌യുവിയിൽ രക്ഷപ്പെട്ടതായാണ് പോലീസ് പറയുന്നത്.സംഭവത്തിൽ വെടിയുതിർത്തിട്ടില്ലെന്നും യുവതിക്ക് പരിക്കുകളില്ലെന്നും പോലീസ് സൂപ്രണ്ട് റോബർട്ട് ടോയ്ന്റൺ സ്ഥിരീകരിച്ചു. കമാൻഡോ വേഷധാരികളായ പ്രത്യേക പോലീസ് സംഘം സ്ഥലത്തെത്തി വിപുലമായ തിരച്ചിൽ നടത്തി.

അക്രമി ധരിച്ചിരുന്ന വാഹനത്തിൽ വ്യാജ നമ്പർ പ്ലേറ്റാണ് ഘടിപ്പിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. കാറിൽ അക്രമിയെക്കൂടാതെ ഡ്രൈവർ സീറ്റിൽ മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായും അത് ഒരു സ്ത്രീയാകാൻ സാധ്യതയുണ്ടെന്നും പോലീസ് കരുതുന്നു. കാർ പാർക്കിംഗിൽ ഉണ്ടായ തർക്കമാണ് തോക്ക് ചൂണ്ടുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ തിരിച്ചറിയാൻ സഹായിക്കുന്ന ഡാഷ്‌ക്യാം ദൃശ്യങ്ങളോ മറ്റ് വിവരങ്ങളോ ഉണ്ടെങ്കിൽ പൊതുജനങ്ങൾ പോലീസിനെ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *