അബുജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സാംഫാറ പ്രവിശ്യയിൽ തോക്കുധാരികൾ നടത്തിയ ക്രൂരമായ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി ആരംഭിച്ച ആക്രമണം വെള്ളിയാഴ്ച രാവിലെ വരെ നീണ്ടുനിന്നു. ബുക്കുയും മേഖലയിലെ തുങ്കൻ ദുത്സെ ഗ്രാമത്തിലാണ് സംഭവം. മോട്ടോർ സൈക്കിളുകളിലെത്തിയ നൂറിലധികം വരുന്ന സായുധ സംഘം ഗ്രാമത്തിന് തീയിടുകയും കണ്ണിൽക്കണ്ടവർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു.
സായുധരായ നൂറ്റമ്പതോളം പേർ ബൈക്കുകളിൽ വരുന്നത് കണ്ടതായും സുരക്ഷാ സേനയെ വിവരം അറിയിച്ചതായും നാട്ടുകാർ പറയുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടായില്ലെന്ന് ഗ്രാമവാസികൾ ആരോപിച്ചു. അക്രമികൾ വീടുകൾക്ക് തീയിട്ടതോടെ നിരവധി പേർക്ക് വീട് നഷ്ടമായി. കാണാതായവരുടെ പട്ടിക പ്രാദേശിക ഉദ്യോഗസ്ഥർ തയ്യാറാക്കി വരികയാണ്.

