തൊടുപുഴ: പ്രമുഖ ധ്യാനഗുരുവും മഹായോഗ മെഡിറ്റേഷൻ സ്ഥാപകനുമായ ഗുരു യോഗിരാജ് ബോധി (പി.ബി. രാജു – 68) അന്തരിച്ചു. ഇന്ന് ഉച്ചയോടെ തൊടുപുഴയിൽ മെഡിറ്റേഷൻ ക്ലാസ് നയിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലാ മുരിക്കുമ്പുഴ കദളിക്കാട്ട് വീട്ടിൽ ഭാസ്കരന്റെ മകനാണ്.
ജീവിതം പൂർണ്ണമായും മെഡിറ്റേഷനും യോഗാഭ്യാസത്തിനുമായി ഉഴിഞ്ഞുവെച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. പാലാ, തൊടുപുഴ, അടിമാലി, വയനാട്, തൃശൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ‘മഹായോഗ മെഡിറ്റേഷൻ’ എന്ന പേരിൽ നിരവധി ക്ലാസുകൾ അദ്ദേഹം നടത്തിവരികയായിരുന്നു. സാധാരണക്കാർക്ക് ലളിതമായ രീതിയിൽ ധ്യാനം പരിശീലിപ്പിക്കുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു.
സംസ്കാരം നാളെ വയനാട് പുതുപ്പാടിയിലുള്ള ഗുരുകുലത്തിൽ നടക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ ശിഷ്യഗണങ്ങളും യോഗാപ്രേമികളും അനുശോചനം രേഖപ്പെടുത്തി.

