ന്യൂഡൽഹി: രാജ്യത്തെ വാണിജ്യ വിമാനങ്ങളിൽ പകുതിയോളവും ഗുരുതരമായ സാങ്കേതിക തകരാറുകളോടെയാണ് സർവീസ് നടത്തുന്നതെന്ന് പാർലമെന്ററി പാനലിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. സിവിൽ ഏവിയേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലാണ് യാത്രികരുടെ സുരക്ഷയെ ബാധിക്കുന്ന നിർണ്ണായക കണ്ടെത്തലുകളുള്ളത്.2025 ജനുവരി മുതൽ 2026 ഫെബ്രുവരി വരെ പരിശോധിച്ച 754 വിമാനങ്ങളിൽ 377 എണ്ണത്തിലും ആവർത്തിച്ചുള്ള സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തി.രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികളായ ഇഡിഗോ, എയർ ഇന്ത്യ എന്നിവയുടെ വിമാനങ്ങളിലാണ് ഏറ്റവും കൂടുതൽ സുരക്ഷാ വീഴ്ചകൾ റിപ്പോർട്ട് ചെയ്തത്. എയർ ഇന്ത്യയുടെ പരിശോധിച്ച 166 വിമാനങ്ങളിൽ 137 എണ്ണത്തിലും ആവർത്തിച്ചുള്ള തകരാറുകൾ കണ്ടെത്തി. ഇൻഡിഗോയുടെ 405 വിമാനങ്ങളിൽ 148 എണ്ണത്തിലും പ്രശ്നങ്ങളുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിന്റെ പകുതിയോളം വിമാനങ്ങളിലും (101-ൽ 54 എണ്ണം) സമാന സാഹചര്യമാണ്.കാലഹരണപ്പെട്ട അടിയന്തര സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം, അനധികൃത കോക്പിറ്റ് പ്രവേശനം, പൈലറ്റുമാരുടെ പരിശീലനക്കുറവ്, ജോലി സമയപരിധി ലംഘിച്ചുള്ള സർവീസുകൾ എന്നിവ അതീവ ഗുരുതരമാണെന്ന് കമ്മിറ്റി വിലയിരുത്തി.സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് എയർ ഇന്ത്യയ്ക്ക് മാത്രം ഒമ്പത് തവണ ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. 270 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം നടത്തിയ ഓഡിറ്റിലും നിരവധി വീഴ്ചകൾ കണ്ടെത്തിയിരുന്നു.വ്യോമയാന മേഖലയിൽ അടിയന്തരമായി സുരക്ഷാ പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്ന് കമ്മിറ്റി സർക്കാരിനോട് ശുപാർശ ചെയ്തു. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം വീഴ്ചകളിൽ കർശന നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ വാണിജ്യ വിമാനങ്ങളിൽ പകുതിയും സാങ്കേതിക തകരാറുകളോടെ സർവീസ് നടത്തുന്നു: പാർലമെന്ററി സമിതി

