ന്യൂഡൽഹി: രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങളായ ക്രൈസ്തവർക്കും മുസ്ലിംകൾക്കുമെതിരേയുമുള്ള വിദ്വേഷ പ്രസംഗങ്ങൾ കഴിഞ്ഞ വർഷം 13 ശതമാനം വർധിച്ചെന്ന് അമേരിക്കയിലെ ഗവേഷണ സംഘടനയുടെ റിപ്പോർട്ട്. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള സംഘടിത വിദ്വേഷാക്രമണങ്ങളുടെ പഠനത്തിനുവേണ്ടിയുള്ള കേന്ദ്രമാണ് (സിഎസ്ഒഎച്ച്) ’ഇന്ത്യ ഹേറ്റ് ലാബ്’ എന്നപേരിലുള്ള പ്രോജക്ടിന്റെ 2025ലെ റിപ്പോർട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ വർഷമുണ്ടായ അക്രമങ്ങളുടെ ഭൂരിഭാഗവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും ഒരു ദിവസം ശരാശരി നാല് വിദ്വേഷ പ്രസംഗങ്ങളെങ്കിലും രാജ്യത്തുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
രാജ്യത്തുടനീളം കഴിഞ്ഞ വർഷമുണ്ടായ രാഷ്ട്രീയ റാലികൾ, മതപരമായ കൂടിച്ചേരലുകൾ, പ്രതിഷേധ മാർച്ചുകൾ, ദേശീയതാ സമ്മേളനങ്ങൾ എന്നിവയിലുണ്ടായ വിദ്വേഷ പ്രസംഗങ്ങളാണ് ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ 1318 വിദ്വേഷ പ്രസംഗങ്ങളിൽ 1,164 സംഭവങ്ങളും ഭരണമുന്നണിയായ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും റിപ്പോർട്ട് പറയുന്നു.
ബിജെപി സർക്കാരുകൾ ഭരിക്കുന്ന ഉത്തർപ്രദേശ് (266), മഹാരാഷ്ട്ര (193), മധ്യപ്രദേശ് (172), ഉത്തരാഖണ്ഡ് (155), ഡൽഹി (76) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വിദ്വേഷ പ്രസംഗങ്ങൾ നടന്നിട്ടുള്ളത്. പ്രതിപക്ഷം ഭരിക്കുന്ന ഏഴു സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷം 154 വിദ്വേഷ പ്രസംഗങ്ങളുണ്ടായിട്ടുണ്ടെന്നും കേരളത്തിൽ ഇങ്ങനെ ഏഴു സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

