സിഡ്നി: ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് പ്രമുഖ ഇസ്രായേലി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ സാമി യഹൂദിന്റെ (Sammy Yahood) വിസ ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് റദ്ദാക്കി.രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കാന്‍ എത്തുന്നവരെ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിന്റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രി ടോണി ബര്‍ക്ക് പ്രസ്താവനയില്‍ അറിയിച്ചു.
ഓസ്ട്രേലിയന്‍ ജൂത അസോസിയേഷന്റെ (AJA) ക്ഷണപ്രകാരം വിവിധ ചടങ്ങുകളില്‍ പ്രസംഗിക്കാനായി പുറപ്പെടാനിരിക്കെയാണ് സാമി യഹൂദിന് വിലക്കേര്‍പ്പെടുത്തിയത്. ഇസ്രായേലില്‍ നിന്ന് വിമാനം കയറുന്നതിന് കൃത്യം മൂന്ന് മണിക്കൂര്‍ മുമ്പാണ് വിസ റദ്ദാക്കിയ വിവരം ഇദ്ദേഹത്തെ അറിയിച്ചത്.എന്നാല്‍ അബുദാബി വരെ യാത്ര ചെയ്ത ഇദ്ദേഹത്തെ അവിടെ നിന്ന് മെല്‍ബണിലേക്കുള്ള കണക്റ്റിംഗ് ഫ്‌ലൈറ്റില്‍ കയറാന്‍ അധികൃതര്‍ അനുവദിച്ചില്ല.
സാമി യഹൂദിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇസ്ലാം വിരുദ്ധമാണെന്നും അവ സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുമെന്നും ഗവണ്‍മെന്റ് വിലയിരുത്തി. വിദ്വേഷം പ്രചരിപ്പിക്കുന്നത് ഓസ്ട്രേലിയയിലേക്ക് വരാനുള്ള നല്ലൊരു കാരണമല്ല, എന്ന് മന്ത്രി ടോണി ബര്‍ക്ക് വ്യക്തമാക്കി. ഡിസംബര്‍ 14-ന് ബോണ്ടി ബീച്ചിലെ ജൂത ആഘോഷത്തിനിടെയുണ്ടായ വെടിവെയ്പ്പിനെത്തുടര്‍ന്ന് ഓസ്ട്രേലിയ തങ്ങളുടെ വിദ്വേഷ വിരുദ്ധ നിയമങ്ങള്‍ (Hate Crime Laws) കടുപ്പിച്ചിരുന്നു. ഈ നിയമപ്രകാരമാണ് പുതിയ നടപടി.
ഗവണ്‍മെന്റിന്റെ നടപടി സ്വേച്ഛാധിപത്യപരമാണെന്നും സെന്‍സര്‍ഷിപ്പാണെന്നും സാമി യഹൂദ് എക്‌സ് (X) പ്ലാറ്റ്ഫോമില്‍ കുറിച്ചു. ലേബര്‍ ഗവണ്‍മെന്റ് ജൂത സമൂഹത്തോട് വിവേചനം കാണിക്കുകയാണെന്നും ഇത്തരം വിലക്കുകള്‍ ജനാധിപത്യ വിരുദ്ധമാണെന്നും ഓസ്ട്രേലിയന്‍ ജൂത അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് റോബര്‍ട്ട് ഗ്രിഗറി പ്രതികരിച്ചു. ഇതിന് മുമ്പും സമാനമായ രീതിയില്‍ ഹില്ലല്‍ ഫുള്‍ഡ്, സിംച റോത്ത്മാന്‍ തുടങ്ങിയവരുടെ വിസകളും ഓസ്ട്രേലിയ റദ്ദാക്കിയിരുന്നു

