ആരും കടന്നു ചെല്ലാനാഗ്രഹിക്കാത്ത തുരുത്തിലേക്കാണ് ആർതർ തുഴയെറിയുന്നതെന്നു കണ്ടപ്പോൾ ഇവാന്റെ നെഞ്ചിടിപ്പ് കൂടി. ഇവനിതെന്തു ഭാവിച്ചാണെന്ന് ഓർക്കുകയും ചെയ്തു.
ഗ്രാമത്തിനോടുചേർന്ന് ശാന്തമായൊഴുകുമ്പോൾ വോൾഗയെ കാണാൻ എന്തൊരഴകാണ്. അവളിതുവഴി ഒഴുകേണ്ട ഒരുകാര്യവുമില്ല. എന്നിരുന്നാലും ഗ്രാമത്തിനോടടുക്കുമ്പോൾ രണ്ടായിപ്പിരിഞ്ഞ് തുരുത്തിനെ നടുവിലാക്കി ഗ്രാമത്തെ ആശ്ലേഷിക്കാനവൾ വരും.
തോണിയിലിരുന്ന് ടുലിപ്സ് വിരിഞ്ഞുനിൽക്കുന്ന കരയിലേക്ക് ഇവാൻ തിരിഞ്ഞുനോക്കി. ഇരുമ്പുപണിയ്ക്കുവേണ്ടി കെട്ടിപ്പൊക്കിയ ആർതറിന്റെ ആല അവരെയും വീക്ഷിച്ചുനിൽക്കുന്നതവൻ കണ്ടു.
തോണിതുഴയുന്ന ആർതറിന്റെ കൈകളുടെ കരുത്ത് കുറഞ്ഞുകൊണ്ടിരുന്നു. വോൾഗയെ കുറുകെ കടക്കുക അത്ര എളുപ്പമല്ല. പ്രത്യേകിച്ച് തുരുത്തിനും ഗ്രാമത്തിനുമിടയിലുള്ള ദൂരം.
ഗ്രാമം കഴിഞ്ഞാൽ ശാന്തഭാവം മാറി വോൾഗ രൗദ്രയാകും. ചെങ്കുത്തായ പാറക്കെട്ടുകൾക്കിടയിലൂടെ അലറിച്ചിരിച്ചവൾ, നിബിഢമായ ഫിർ മരങ്ങൾക്കിടയിലൂടെ താഴോട്ടൊഴുകും. കാണുന്നതെല്ലാം കശക്കിയെറിഞ്ഞ്, അഗാധമായ ഗർത്തത്തിലേക്കവൾ കൂപ്പുകുത്തും.
വിഷക്കായ്കളുണ്ടാകുന്ന മരങ്ങൾ ഇടതൂർന്നുനിൽക്കുന്ന തുരുത്തെത്തുന്നതുവരെ ആർതർ നിശബ്ദനായിരുന്നുവെങ്കിലും, ആലയിലെ തീച്ചൂളയിലെ കാരിരുമ്പ് വലിച്ചെടുത്ത് അടിച്ചുപരത്തുന്ന അതേ വികാരമായിരുന്നു അവന്റെയുള്ളിലും.
“ഇവാൻ, ഈ മരണത്തിന്റെ തുരുത്തിലേയ്ക്ക് നിന്നെ കൂട്ടിക്കൊണ്ടുവന്നതെന്തിനെന്ന് നീ അത്ഭുതപ്പെടുന്നുണ്ടാകും. പേടിയ്ക്കണ്ട, എന്റെ മരണത്തിന് ഒരു ദൃക്സാക്ഷിവേണം. അതിനാണ് നിന്നെ കൂടെക്കൂട്ടിയത്”.
ഭയംകൊണ്ട് ഇവാൻ ചൂളിപ്പോയി. വസന്തകാലം അവസാനിക്കാറായിട്ടും, വിട്ടുമാറാത്ത ശൈത്യത്തിന്റെ ആധിക്യത്തിൽ അവൻ വിറച്ചുകൊണ്ടിരുന്നു.
വിഷക്കായ്കൾ തിന്ന്, നുരയും പതയും വന്ന് മരിച്ചുകിടക്കുന്ന ആർതറിനെ അവൻ മനസ്സിൽ കണ്ടു. വോൾഗയുടെ കുത്തൊഴുക്കിൽ, പാറക്കൂട്ടങ്ങൾക്കിടയിലൂടെ താഴോട്ടുപതിക്കുന്ന ആർതറിനേയും അവൻ സങ്കൽപ്പിച്ചു.
“ഞാനെങ്ങനെ മരിക്കുന്നു എന്നതിനേക്കാൾ, എന്തിനുമരിക്കുന്നു എന്നതിനാണ് ദൃക്സാക്ഷി വേണ്ടത്.”
ഇവാന്റെ ചിന്തകൾ ആർതറിന് എളുപ്പത്തിൽ വായിച്ചെടുക്കാനായി.
നാലുകൊല്ലമായി ഇവാൻ ആർതറിന്റെ കൂടെ കൂടിയിട്ട്. ആർതറിന്റെ ആലയിൽ ഇരുമ്പ് ചുട്ടെടുത്ത് അടിച്ച് പരത്തിയവർ ഹരം കൊണ്ടു. ആർതറിന്റെ ഭാര്യ സാഷ അവർക്കുള്ള ഉരുളക്കിഴങ്ങ് സ്റ്റൂവും, ക്യാബേജ് സൂപ്പും, റൊട്ടിയുമുണ്ടാക്കിക്കൊടുത്തു.
സന്തോഷഭരിതമായ നാലുവർഷങ്ങൾ കടന്നുപോയതറിഞ്ഞില്ല. ഇന്നിപ്പോൾ കാരണമെന്തെന്നറിയാതെ ആർതർ മരിക്കാനൊരുങ്ങുന്നു. ഇവാൻ തലയും താഴ്ത്തിയിരുന്നു. വോൾഗയുടെ ഓളങ്ങളിൽ തോണിയുലഞ്ഞപ്പോളവന് തല ചുറ്റുന്നതുപോലെ തോന്നി.
താഴോട്ടുള്ള നോട്ടം നിർത്തി തുരുത്തിലെ മരങ്ങളിൽ മൂത്ത് പാകമായിക്കിടക്കുന്ന വിഷക്കായ്കളിലേക്ക് ഇവാൻ നോക്കിക്കൊണ്ടിരുന്നു.
“സാഷ നാലുമാസം ഗർഭിണിയാണ്. അവൾ സന്തോഷം കൊണ്ട് മതിമറക്കുമ്പോൾ, ഞാൻ സങ്കടം കൊണ്ട് മരിക്കാനൊരുങ്ങുന്നു. എന്ത് വിരോധഭാസമാണിത്.”
ആർതർ തോണിയിൽക്കിടന്ന് വിലപിച്ചുകൊണ്ടിരുന്നു. വസന്തത്തിൽ കസ്സാക്കിന്റെ കുന്നുകളിൽ നിന്നും തണുത്ത കാറ്റുവീശുക പതിവാണ്. ഹിമപാതം അവസാനിച്ചു എന്നുള്ളതിന്റെ സൂചനയാണത്.
“ഇവാൻ, എനിക്ക് കുട്ടികളുണ്ടാവില്ലെന്ന് പല ഡോക്ടർമാരും വിധിയെഴുതിയതാണ്.
ഞാനതുപക്ഷെ, സാഷയിൽ നിന്നും മറച്ചുവെച്ചു. എന്നാലും, അവളെന്നോടീ ചതി ചെയ്യുമെന്ന് ഞാൻ കരുതിയില്ല. മരണത്തേക്കാൾ അഭികാമ്യമായി എനിക്കിപ്പോൾ വേറെ ചിന്തകളില്ല.”
ആർതറിന് മരിക്കാനിപ്പോൾ രണ്ട് ഉപാധികളാണ് മുൻപിലുള്ളത്. തുരുത്തിൽ നിന്നും വിഷക്കായ്കൾ പറിച്ചുതിന്നുകയോ, അല്ലെങ്കിൽ വോൾഗയിലേക്കെടുത്തുചാടി ഒഴുക്കിനൊപ്പമൊഴുകി വലിയ ഗർത്തങ്ങളിലേക്കെറിയപ്പെടുകയൊ ആവാം.
“ഇവാൻ, എനിയ്ക്കുപക്ഷേ മരിയ്ക്കാൻ പേടിയാണ്. സാഷയെ ഞാനെത്രമാത്രം സ്നേഹിക്കുന്നുവെന്ന് നിനക്കറിയാമോ?”
ആർതറിന്റെ കരച്ചിലേറിവന്നപ്പോൾ ഇവാൻ തോണിയിൽ നിന്നിറങ്ങി തുരുത്തിലേയ്ക്കുകയറി. മറുകരയിൽ ആർതറിന്റെ ആലയും, ടുലിപ്സ് പൂക്കളും വ്യക്തമായി കാണാം. ആർതർ കാണാതെ വിഷക്കായ്കൾ പറിച്ചവൻ കോട്ടിന്റെ പോക്കറ്റിൽ നിറച്ചു. തിരിച്ചുവന്ന് തോണിയിൽക്കയറി ഗ്രാമത്തിലേയ്ക്ക് തുഴഞ്ഞു.
ആർതറിനെ ആശ്വസിപ്പിക്കാനവൻ മുതിർന്നില്ല. കുറെ കരയുമ്പോൾ മനസ്സ് ശാന്തമായിക്കൊള്ളും എന്നുകരുതി. ആലയിൽക്കയറി ഒരു പച്ചിരുമ്പെടുത്തവൻ തീയിലിട്ട് പഴുപ്പിച്ചു. എന്നിട്ടതിനെ കൂടം കൊണ്ടടിച്ചടിച്ച് പതം വരുത്തി.
വർഷമൊന്നുകഴിഞ്ഞു. വസന്തവും ഗ്രീഷ്മവും കടന്നുപോയി. ശിശിരവും ശൈത്യവുമേറെ നീണ്ടുനിന്ന വർഷമായിരുന്നത്. വീണ്ടും വസന്തമെത്താറായിട്ടും വോൾഗയിലെ വെള്ളം തണുത്തുറഞ്ഞുകിടന്നു. മഞ്ഞണിഞ്ഞ ഫിർ മരങ്ങൾക്ക് വെയിലേൽക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു.
ആർതറിനുള്ള ഭക്ഷണവുമായി ആലയിലേയ്ക്ക് പോകുന്നവഴിയിൽ സാഷ, കുഞ്ഞ് ഓഷേയുമെടുത്ത് സെമിത്തേരിയിലേക്ക് നടന്നു.
അവളുടെ ബൂട്ടുകൾക്കടിയിൽ മഞ്ഞുകട്ടകൾ ഞെരിഞ്ഞമർന്നു.
‘ഇവാൻ ഒർലോവ്’ എന്നെഴുതിയ ഫലകത്തിന് മുൻപിൽ അവൾ കുറച്ചുനേരം മൗനമായി നിന്നു. കൈയ്യിലിരുന്ന പൂക്കൾ മൺകൂനയിൽ സമർപ്പിച്ചിട്ട് തിരിഞ്ഞ് നടക്കുമ്പോൾ, ഓഷേ തിരിഞ്ഞ് മൺക്കൂനയിലേയ്ക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.
ഇവാൻ സ്വയം ജീവനൊടുക്കിയതിനുശേഷം ആർതർ, ആലയിലെ തീച്ചൂളയിൽ വെറുതെ കനൽ കൂട്ടിക്കൊണ്ടിരിക്കും.
ഇരുമ്പെടുത്ത് തീയിൽ വെയ്ക്കുമെങ്കിലും അതെടുത്ത് അടിച്ചു പരത്താനവന് മനസ്സ് വരാറില്ല.
തീച്ചൂളയിൽ നിന്നുയരുന്ന പുകച്ചുരുളുകൾ ആർതറിന്റെ ആലയും കടന്ന്, വോൾഗയുടെ മുകളിലൂടെ, തുരുത്തിനെ ലക്ഷ്യമാക്കി പോയ്ക്കൊണ്ടിരുന്നു. ടുലിപ്സിന്റെ നേർത്ത മുകുളങ്ങൾ മഞ്ഞിൽ നിന്നുയർന്ന് വിടരാൻ വെമ്പി നിന്നു.


