കാന്‍ബറ: ഓസ്‌ട്രേലിയയിൽ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ ഏപ്രിൽ മുതൽ വീണ്ടും വർദ്ധിക്കുന്നു. ശരാശരി 4.41 ശതമാനം വർദ്ധനവിനാണ് ആൽബനീസി സർക്കാർ അനുമതി നൽകിയത്. 2017-ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്. കഴിഞ്ഞ വർഷം ഇത് 3.73 ശതമാനമായിരുന്നു.
മെഡിക്കൽ, ആശുപത്രി സേവനങ്ങളുടെ ചിലവ് കഴിഞ്ഞ സാമ്പത്തിക വർഷം 5 ശതമാനം വർദ്ധിച്ചതാണ് പ്രീമിയം തുക കൂട്ടാൻ കാരണമെന്ന് ആരോഗ്യ മന്ത്രി മാർക്ക് ബട്‌ലർ പറഞ്ഞു. സ്വകാര്യ ആശുപത്രികൾ നേരിടുന്ന കടുത്ത സാമ്പത്തിക വെല്ലുവിളികളും ചിലവ് വർദ്ധനയും ഇൻഷുറൻസ് മേഖലയെ ബാധിച്ചിട്ടുണ്ട്. പ്രീമിയം വർദ്ധനവ് ഓരോ കമ്പനികൾക്കും പോളിസികൾക്കും അനുസരിച്ച് വ്യത്യസ്തമായിരിക്കും. മെഡിബാങ്ക്, എൻഐബി , എന്നിവ 5 ശതമാനത്തിലധികം വർദ്ധനവ് വരുത്തുമ്പോൾ എച്ച്ബിഎഫ് , 2.1 ശതമാനം മാത്രമാണ് വർദ്ധിപ്പിക്കുന്നത്.
അതേസമയം,ജീവിതച്ചെലവ് വർദ്ധനവിൽ വലയുന്ന സാധാരണക്കാർക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.ലേബർ ഗവൺമെന്റിന് കീഴിൽ ആരോഗ്യരംഗത്തെ ചിലവ് കുതിച്ചുയരുകയാണെന്ന് ഷാഡോ ഹെൽത്ത് മിനിസ്റ്റർ ആനി റസ്റ്റൺ കുറ്റപ്പെടുത്തി.എന്നാൽ,പ്രീമിയം റിബേറ്റ് വഴി 7.9 ബില്യൺ ഡോളറിന്റെ സഹായം സർക്കാർ നൽകുന്നുണ്ടെന്നും ഇൻഷുറൻസ് സേവനങ്ങളുടെ മൂല്യം നിലനിർത്താനാണ് ഈ തീരുമാനമെന്നുമാണ് സർക്കാരിന്റെ വിശദീകരണം.

