കോട്ടയം: ‘ആരോഗ്യം എല്ലാവര്‍ക്കും സേവനങ്ങള്‍ എല്ലാവരിലേക്കും’ എന്ന മുദ്രാവാക്യവുമായി ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ‘ഹെല്‍ത്തി കേരള’ ക്യാമ്പയിന് കോട്ടയം ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും പ്രചാരണ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും കളക്ട്രേറ്റ് അങ്കണത്തില്‍ വച്ച് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ. പ്രിയ നിർവഹിച്ചു.
പൊതുജനാരോഗ്യ സംരക്ഷണവും ബോധവൽക്കരണവും ലക്ഷ്യമിട്ടുള്ള ഈ ക്യാമ്പയിന്റെ പ്രചാരണ വാഹനം ജില്ലയിലെ 16 ആരോഗ്യ ബ്ലോക്കുകളിലൂടെയും നാലു നഗരസഭാ പ്രദേശങ്ങളിലൂടെയും സഞ്ചരിക്കും. ഫെബ്രുവരി 28 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കോട്ടയം ഗവൺമെന്റ് സ്‌കൂൾ ഓഫ് നഴ്‌സിംഗിലെ വിദ്യാർഥികൾ കളക്ട്രേറ്റിൽ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചു. ആരോഗ്യ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കലാരൂപങ്ങളും ലഘുലേഖകളും ക്യാമ്പയിന്റെ ഭാഗമായി ഉപയോഗിക്കും.
ചടങ്ങിൽ ആരോഗ്യ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി. ജെ. സിത്താര, ആർ.സി.എച്ച് ഓഫീസർ ഡോ. ബി.കെ. പ്രസീദ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കൂടാതെ, ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ കൺസൾട്ടന്റ് ഡോ. എ.എം. പ്രശാന്ത്, ആർദ്രം നോഡൽ ഓഫീസർ ഡോ. ലിന്റോ ലാസർ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ആർ. ദീപ എന്നിവരും ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകി.

