ഓസ്‌ട്രേലിയയിൽ ഹൃദ്രോഗ ഭീഷണി ഉയരുന്നു; ലക്ഷക്കണക്കിന് ആളുകൾക്ക് പക്ഷാഘാത സാധ്യതയെന്ന് മുന്നറിയിപ്പ്

സിഡ്നി: ഓസ്‌ട്രേലിയയിൽ തിരിച്ചറിയപ്പെടാത്ത ഹൃദ്രോഗം മൂലം ലക്ഷക്കണക്കിന് ആളുകൾ ഗുരുതരമായ പക്ഷാഘാത (Stroke) ഭീഷണിയിലാണെന്ന് പുതിയ റിപ്പോർട്ടുകൾ. ‘ഏട്രിയൽ ഫിബ്രിലേഷൻ’ (AF) എന്നറിയപ്പെടുന്ന ഹൃദയമിടിപ്പിലെ താളപ്പിഴകൾ പലപ്പോഴും ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതാണ് രോഗികളെ അപകടത്തിലാക്കുന്നത്. ദിവസേന ശരാശരി ആറ് ഓസ്‌ട്രേലിയക്കാർ ഈ അവസ്ഥ മൂലം മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ശ്വാസംമുട്ടൽ, അമിതമായ ഹൃദയമിടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങളെങ്കിലും പലരിലും ഇത് പ്രകടമാകാറില്ല. 40 വയസ്സ് കഴിഞ്ഞ മൂന്നിൽ ഒരാൾക്ക് ജീവിതകാലയളവിൽ ഈ രോഗം വരാൻ സാധ്യതയുണ്ടെന്ന് പ്രൊഫസർ ബെൻ ഫ്രീഡ്മാൻ വ്യക്തമാക്കുന്നു. നിലവിൽ അഞ്ച് ലക്ഷത്തിലധികം ഓസ്‌ട്രേലിയക്കാർ ഈ രോഗാവസ്ഥയിൽ കഴിയുന്നുണ്ടെങ്കിലും, ഇതിലും വലിയൊരു വിഭാഗം രോഗം തിരിച്ചറിയാതെ ജീവിക്കുന്നുണ്ട്. ഇത്തരക്കാരിൽ രോഗം കണ്ടെത്തുന്നത് പലപ്പോഴും പക്ഷാഘാതം സംഭവിച്ചതിന് ശേഷമാണെന്നത് വലിയ ആശങ്കയുയർത്തുന്നു.

ഈ ഗുരുതര സാഹചര്യം കണക്കിലെടുത്ത്, രോഗം നേരത്തെ കണ്ടെത്താനായി ദേശീയതലത്തിൽ സ്ക്രീനിംഗ് പ്രോഗ്രാം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഹാർട്ട് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും സിഡ്നി സർവകലാശാലയിലെയും ശാസ്ത്രജ്ഞർ. ഇതിന്റെ ഭാഗമായി എൻ.എസ്.ഡബ്ല്യു, വെസ്റ്റേൺ ഓസ്‌ട്രേലിയ, ടാസ്മാനിയ എന്നിവിടങ്ങളിലായി 70 വയസ്സിന് മുകളിലുള്ള 600-ഓളം പേരെ ഉൾപ്പെടുത്തി ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ലിനിക്കൽ ട്രയൽ നടന്നുവരികയാണ്. വീടുകളിൽ ഉപയോഗിക്കാവുന്ന ഹാൻഡ്‌ഹെൽഡ് ഇസിജി (ECG) ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവരുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നത്.

പരിശോധനയിലൂടെ കൂടുതൽ കേസുകൾ കണ്ടെത്താൻ സാധിക്കുമെന്നും അതുവഴി പക്ഷാഘാതം ഒഴിവാക്കാമെന്നും തെളിയിക്കപ്പെട്ടാൽ മാത്രമേ ദേശീയ സ്ക്രീനിംഗ് പദ്ധതിക്ക് സർക്കാർ അനുമതി നൽകൂ. നിലവിൽ സ്തനാർബുദം, കുടൽ അർബുദം എന്നിവയ്ക്ക് നൽകുന്നതുപോലെ എല്ലാവർക്കും ലഭ്യമാകുന്ന തരത്തിലുള്ള സ്ക്രീനിംഗ് സംവിധാനം ഈ ഹൃദ്രോഗത്തിനും ഏർപ്പെടുത്തണമെന്നാണ് ഗവേഷകരുടെ ആവശ്യം. പദ്ധതി വിജയിച്ചാൽ പക്ഷാഘാതം മൂലമുള്ള ശാരീരിക വൈകല്യങ്ങൾ കുറയ്ക്കാനും അത്യാഹിത വിഭാഗങ്ങളിലെയും നഴ്സിംഗ് ഹോമുകളിലെയും തിരക്ക് കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് വർഷം കൂടി ഈ പരീക്ഷണം തുടരും

Leave a Reply

Your email address will not be published. Required fields are marked *