മരണക്കണിയായി ഉഷ്ണതരംഗം; ന്യൂ സൗത്ത് വെയ്‌ൽസിൽ പതിനായിരക്കണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങി

സിഡ്‌നി: ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ ന്യൂ സൗത്ത് വെയ്‌ൽസ് പ്രവിശ്യയിൽ തുടരുന്ന കടുത്ത ഉഷ്ണതരംഗം വൻ പരിസ്ഥിതി ദുരന്തത്തിന് കാരണമാകുന്നു. മെനിൻഡി തടാകത്തിന്റെ തീരങ്ങളിലും സൺസെറ്റ് സ്ട്രിപ്പ് പ്രദേശത്തും പതിനായിരക്കണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങിയതായി റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് താപനില 50 ഡിഗ്രി സെൽഷ്യസിനടുത്ത് എത്തിയതിന് പിന്നാലെയാണ് ഈ കൂട്ടമരണം സംഭവിച്ചത്.

ചത്തുപൊങ്ങിയവയിൽ ഭൂരിഭാഗവും തദ്ദേശീയ ഇനമായ ‘ബോണി ബ്രീം’ (Bony Bream) മത്സ്യങ്ങളാണ്. കഴിഞ്ഞയാഴ്ച അനുഭവപ്പെട്ട റെക്കോർഡ് താപനിലയ്ക്ക് ശേഷം അന്തരീക്ഷ ഊഷ്മാവിൽ പെട്ടെന്നുണ്ടായ മാറ്റമാണ് ഈ ദുരന്തത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കടുത്ത ചൂടിനെത്തുടർന്ന് വെള്ളത്തിലെ ഓക്സിജന്റെ അളവ് (Dissolved Oxygen) ഗണ്യമായി കുറഞ്ഞത് മത്സ്യങ്ങൾ ശ്വാസം മുട്ടി ചാവാനിടയാക്കി.

തടാകത്തിന് സമീപം മീൻപിടുത്തത്തിന് എത്തിയ പ്രാദേശിക നിവാസിയാണ് ആദ്യം ഈ കാഴ്ച കണ്ടത്. “ചൂട് കൂടുമ്പോൾ ബോണി ബ്രീം മത്സ്യങ്ങൾ പെട്ടെന്ന് പ്രതികരിക്കാറുണ്ട്, പക്ഷേ ഇത്രയും വലിയ തോതിലുള്ള നാശം ഞെട്ടിക്കുന്നതാണ്,” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബാർകണ്ട്ജി റിവർ റേഞ്ചേഴ്സ് (Barkandji River Rangers) ഇതിനകം തന്നെ ജലാശയങ്ങളിൽ നിന്ന് മത്സ്യങ്ങളെ നീക്കം ചെയ്യുന്ന പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം ഓസ്‌ട്രേലിയൻ പരിസ്ഥിതിയെ എത്രത്തോളം രൂക്ഷമായി ബാധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ഉഷ്ണതരംഗവും തുടർന്നുണ്ടാകുന്ന കാട്ടുതീ ഭീഷണിയും വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. നദികളിലെ ഒഴുക്ക് കുറയുന്നതും ജലത്തിന്റെ ഗുണനിലവാരം താഴുന്നതും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നുണ്ടെന്ന് സർക്കാർ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *