ടെഹ്‌റാനിൽ കനത്ത ആക്രമണം; മുതിർന്ന സൈനിക നേതാക്കളെ വധിച്ചെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നടത്തിയ അതിശക്തമായ ആക്രമണത്തിൽ ഇറാന്റെ മുതിർന്ന സൈനിക നേതാക്കളെ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ശനിയാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ ആണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്.

ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടത്തിയ വമ്പിച്ച ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ട്രംപ് പുറത്തുവിട്ടു. സ്ഫോടനശബ്ദങ്ങളും യുദ്ധവിമാനങ്ങളുടെ മുഴക്കവും ദൃശ്യങ്ങളിൽ വ്യക്തമാണ്.ഇറാന്റെ സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന ഉന്നത ഉദ്യോഗസ്ഥരെയാണ് ഈ നീക്കത്തിലൂടെ ‘ഇല്ലാതാക്കിയതെന്ന്’ ട്രംപ് പറഞ്ഞു.

ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാകണമെന്ന് ട്രംപ് നേരത്തെ 48 മണിക്കൂർ സമയപരിധി നൽകിയിരുന്നു. ഇത് ലംഘിച്ചാൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാനും യുഎസും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *