ഇറാനിലെ ഇസ്ഫഹാനിൽ ശക്തമായ ബോംബാക്രമണം; വൻ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

ടെഹ്റാൻ: ഇറാനിലെ പ്രധാന വ്യവസായ-സൈനിക കേന്ദ്രമായ ഇസ്ഫഹാനിൽ അമേരിക്കൻ-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ആക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം.യുദ്ധം ആരംഭിച്ചതുമുതൽ ടെഹ്‌റാൻ ഉൾപ്പെടെയുള്ള ഇറാനിലെ ഏകദേശം 200-ഓളം നഗരങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടക്കുന്നത്.

ഇസ്ഫഹാനിലെ പ്രധാന ഫാക്ടറികൾക്കും സൈനിക താവളങ്ങൾക്കും നേരെയാണ് ആക്രമണം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സൈനിക കേന്ദ്രങ്ങൾക്ക് പുറമെ ജനവാസ മേഖലകളും ആക്രമണത്തിന് ഇരയായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.നിരവധി വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു. കൂടാതെ, സ്കൂളുകൾ, ആശുപത്രികൾ, റെഡ് ക്രസന്റ് ഓഫീസുകൾ എന്നിവയ്ക്ക് നേരെയും ബോംബേറുണ്ടായിട്ടുണ്ട്.

ആക്രമണത്തെത്തുടർന്ന് ഇസ്ഫഹാനിലെ വൻകിട വ്യവസായ ശാലകൾ തകർന്നത് ഇറാനിലെ ഉത്പാദന മേഖലയെ സ്തംഭനാവസ്ഥയിലാക്കിയിരിക്കുകയാണ്.പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞു കവിഞ്ഞിരിക്കുകയാണെന്നും, മരുന്നുകളുടെയും അത്യാവശ്യ സൗകര്യങ്ങളുടെയും കുറവ് നിലവിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരത്തെ, ഇറാൻ എണ്ണ കയറ്റുമതിയുടെ കേന്ദ്രമായ ഖാർഗ് ഐലൻഡിലും അമേരിക്ക ആക്രമണം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *