ബെംഗളൂരു: ഐപിഎൽ 2026 സീസണിലെ ആവേശകരമായ പതിനൊന്നാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 43 റൺസിന്റെ തകർപ്പൻ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 250 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയുടെ പോരാട്ടം 19.4 ഓവറിൽ 207 റൺസിൽ അവസാനിച്ചു.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാണികളെ ആവേശത്തിലാഴ്ത്തി ആർസിബി ബാറ്റർമാർ തുടക്കം മുതൽ ആഞ്ഞടിച്ചു. വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ടിം ഡേവിഡാണ് ബെംഗളൂരു സ്കോർ 250-ൽ എത്തിച്ചത്. വെറും 25 പന്തുകളിൽ നിന്ന് 8 സിക്സറുകളും 3 ഫോറുകളും ഉൾപ്പെടെ 70 റൺസെടുത്ത് ഡേവിഡ് പുറത്താകാതെ നിന്നു. ഓപ്പണർ ഫിൽ സാൾട്ട് (46), വിരാട് കോലി (28) എന്നിവർ നൽകിയ തുടക്കം ദേവ്ദത്ത് പടിക്കലും (50) രജത് പാട്ടിദാറും (48*) ഭംഗിയായി മുന്നോട്ട് കൊണ്ടുപോയി. ചെന്നൈയ്ക്ക് വേണ്ടി അൻഷുൽ കംബോജ്, ജാമി ഓവർട്ടൺ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
251 റൺസ് എന്ന ഹിമാലയൻ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തിലേ പിഴച്ചു. നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് (7), സഞ്ജു സാംസൺ (9) എന്നിവർ വേഗത്തിൽ മടങ്ങിയത് തിരിച്ചടിയായി. സർഫറാസ് ഖാൻ 25 പന്തിൽ 50 റൺസെടുത്ത് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ബെംഗളൂരു ബൗളർമാർ ആധിപത്യം ഉറപ്പിച്ചു. പ്രശാന്ത് വീർ (43), ജാമി ഓവർട്ടൺ (37) എന്നിവരും പൊരുതിയെങ്കിലും ലക്ഷ്യം അകലെയായിരുന്നു.
ബെംഗളൂരുവിനായി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തി. ജേക്കബ് ഡഫി, അഭിനന്ദൻ സിംഗ്, ക്രുണാൽ പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി പിന്തുണ നൽകി. ഉജ്ജ്വല ബാറ്റിംഗ് പ്രകടനം നടത്തിയ ടിം ഡേവിഡാണ് മത്സരത്തിലെ താരം. ഈ തോൽവിയോടെ സീസണിൽ ചെന്നൈയുടെ പരാജയ പരമ്പര തുടരുകയാണ്

