നെയ്റോബി: കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കെനിയയിൽ മരണം 62 ആയി. ഏതാനും ദിവസങ്ങൾക്ക് മുൻപ് മരണം 42 ആണെന്നായിരുന്നു റിപ്പോർട്ടുകൾ, എന്നാൽ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ മരണസംഖ്യ വർദ്ധിക്കുകയായിരുന്നു.സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രളയക്കെടുതിയാണ് കെനിയ നേരിട്ടുകൊണ്ടിരിക്കുന്നത്.
രാജ്യത്തെ പല നദികളും കരകവിഞ്ഞൊഴുകുന്നതായും മിക്ക റോഡുകളും വെള്ളത്തിനടിയിലായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, പല പ്രദേശങ്ങളിലും വൈദ്യുതി-ജല വിതരണം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.തലസ്ഥാന നഗരമായ നെയ്റോബിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം 33 പേർ മരിച്ചതായാണ് അധികൃതർ അറിയിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

