ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്ത പുകമഞ്ഞ്. കാഴ്ചപരിധി പൂജ്യം ആയതോടെ റോഡ് വ്യോമ ഗതാഗതം താറുമാറായി. ഡല്‍ഹിയില്‍ നിലവിലെ വായു ഗുണനിലവാരതോത് ഗുരുതര അവസ്ഥയിലാണ്.
ഡല്‍ഹി വിമാനത്താവളത്തില്‍ മാത്രം എയര്‍ ഇന്ത്യയുടെ 40 സര്‍വീസുകളാണ് കനത്ത പുകമഞ്ഞു മൂലം റദ്ദാക്കിയത്.150ലധികം വിമാന സര്‍വീസുകള്‍ വൈകി. നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
വിമാനത്താവളങ്ങളിലേക്ക് പുറപ്പെടും മുന്‍പേ യാത്രക്കാര്‍ എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പാക്കണം എന്ന് വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശം നല്കി.വിമാനങ്ങള്‍ വൈകാനുള്ള സാധ്യതയുണ്ടെന്ന് ഇന്‍ഡിഗോയും സ്പൈസ് ജെറ്റും അറിയിച്ചു.
താപനിലയില്‍ ഉണ്ടായ കുറവും വായുമലിനീകരണം രൂക്ഷമായതുമാണ് ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷമാകാന്‍ കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 8.2 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്ന് ദില്ലിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
കഴിഞ്ഞ മൂന്ന് ദിവസമായി വായു ഗുണനിലവാരം ഗുരുതര വിഭാഗത്തില്‍ തുടരുകയാണ്. 456 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എക്യുഐ. വായുമലിനീകരണം രൂക്ഷമായതോടെ നിയന്ത്രണങ്ങളും സര്‍ക്കാര്‍ കടുപ്പിച്ചു

