ഭർത്താവിൻ്റെ മർദ്ദനമേറ്റ് മരിച്ച സുപ്രിയ ഠാക്കൂറിൻ്റെ മകനെ സഹായിക്കാൻ സുഹൃത്തുക്കളും പ്രവാസി സമൂഹവും കൈകോർക്കുന്നു

അഡ്ലെയ്ഡ്: ഓസ്ട്രേലിയയിലെ അഡ്ലെയ്ഡിൽ ഭർത്താവിൻ്റെ മർദ്ദനമേറ്റ് മരിച്ച സുപ്രിയ ഠാക്കൂറിൻ്റെ (36) മകനെ സഹായിക്കാൻ സുഹൃത്തുക്കളും പ്രവാസി സമൂഹവും കൈകോർക്കുന്നു. അമ്മയുടെ ദാരുണമായ വിയോഗത്തോടെ തനിച്ചായ മകൻ്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി ഗോ ഫണ്ട് മീ (GoFundMe) വഴി ധനസമാഹരണം ആരംഭിച്ചു.

തൻ്റെ ഏക മകന് സുരക്ഷിതമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി അശ്രാന്തം പരിശ്രമിച്ചിരുന്ന ഒരു അമ്മയായിരുന്നു സുപ്രിയയെന്ന് സുഹൃത്തുക്കൾ അനുസ്മരിക്കുന്നു. രജിസ്റ്റേർഡ് നഴ്സാവുക എന്നതായിരുന്നു സുപ്രിയയുടെ ആഗ്രഹം. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും മകന് മികച്ച ജീവിതം നൽകാനുള്ള ആഗ്രഹവുമായിരുന്നു സുപ്രിയയെ മുന്നോട്ട് നയിച്ചിരുന്നത്. എന്നാൽ ആ സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് സുപ്രിയ യാത്രയായത്.

അമ്മയുടെ പെട്ടെന്നുള്ള വിയോഗം ആ കൗമാരക്കാരൻ്റെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. തന്നെ ഏറ്റവും സ്നേഹിച്ചിരുന്ന അമ്മയില്ലാതെ, അനിശ്ചിതമായ ഒരു ഭാവിയാണ് ഇപ്പോൾ മകന് മുന്നിലുള്ളത്. ഈ സാഹചര്യത്തിലാണ് സുപ്രിയയെ അറിയാവുന്ന സുഹൃത്തുക്കളും കമ്മ്യൂണിറ്റി അംഗങ്ങളും ചേർന്ന് മകനെ സഹായിക്കാൻ മുന്നിട്ടിറങ്ങിയത്.

സമാഹരിക്കുന്ന തുക സുപ്രിയയുടെ ശവസംസ്കാര ചടങ്ങുകൾക്കും, മകൻ്റെ തുടർവിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി വിനിയോഗിക്കും. കുടുംബത്തിൻ്റെ സ്വകാര്യത മാനിച്ചുക്കൊണ്ട് വിവരങ്ങൾ ഇപ്പോൾ പരസ്യപ്പെടുത്തിയിട്ടില്ല. ഗോ ഫണ്ട് മീയിൽ സമാഹരിക്കുന്ന തുക, കൃത്യമായ ഗുണഭോക്താവിനെ (verified beneficiary) ഉറപ്പുവരുത്തിയ ശേഷം മാത്രമേ കൈമാറുകയുള്ളൂവെന്നും സംഘാടകർ അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് നോർത്ത്ഫീൽഡിലെ വസതിയിൽ വെച്ച് സുപ്രിയ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിക്രാന്ത് ഠാക്കൂറിനെ (42) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഏപ്രിൽ വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

സുപ്രിയയുടെ മകനെ സഹായിക്കാൻ താല്പര്യമുള്ളവർക്ക് ഗോ ഫണ്ട് മീ പേജ് വഴി സംഭാവനകൾ നൽകാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *