മുംബൈ: തിങ്കളാഴ്ച മുംബൈയില്‍ അന്തരിച്ച ധര്‍മേന്ദ്രയെ കുറിച്ച് ഏറെ വൈകാരികമായ കുറിപ്പ് സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ച് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ഹേമമാലിനി. ഭര്‍ത്താവ് മാത്രമായിരുന്നില്ല, തന്റെ എല്ലാമായിരുന്നു ധര്‍മേന്ദ്ര എന്നാണ് ഹേമമാലിനി തന്റെ കുറിപ്പില്‍ പറയുന്നത്.
ധരംജി, സ്‌നേഹനിധിയായ ഭര്‍ത്താവ്, ഞങ്ങളുടെ രണ്ടു പുത്രിമാരായ ഇഷയുടെയും അഹാനയുടെയും ആരാധ്യനായ പിതാവ്, സുഹൃത്ത്, വഴികാട്ടി, കവി, എന്താവശ്യത്തിനും ഞാന്‍ ഓടിയെത്തുന്ന വ്യക്തി. വാസ്തവത്തില്‍ എന്റെ എല്ലാമായിരുന്നു അദ്ദേഹം. എന്റെ നല്ല സമയങ്ങളിലും മോശം സമയങ്ങളിലും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. എന്റെ കുടുംബാംഗങ്ങളോട് അദ്ദേഹം എളുപ്പത്തില്‍ സൗഹൃദത്തിലായി. അവരെയെല്ലാം സ്‌നേഹിച്ചു.
ഏറെ കഴിവുള്ള അറിയപ്പെടുന്ന വ്യക്തിയായിരുന്നിട്ടു കൂടി സ്വഭാവത്തിലെ വിനയം അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി. ചലച്ചിത്ര മേഖലയില്‍ അദ്ദേഹം കൈവരിച്ച നേട്ടങ്ങള്‍ എന്നും നിലനില്‍ക്കും. എനിക്കുള്ള വ്യക്തിപരമായ നഷ്ടം വിവരിക്കാനാവില്ല. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത ജീവിതാവസാനം വരെ നിനനില്‍ക്കും. ഹേമമാലിനി ഓര്‍മക്കുറിപ്പില്‍ പറയുന്നു.

