ഞായറാഴ്ച വൈകിട്ട് സിഡ്‌നിയിലെ ബോണ്ടായ് ബീച്ചില്‍ ജൂതരുടെ ആഘോഷം നടക്കുന്നതിനിടെയാണ് വാഹനത്തിലെത്തിയ രണ്ട് തോക്ക് ധാരികള്‍ ജനങ്ങള്‍ക്ക് നേരെ വെടിയുയര്‍ത്തത്
മരണഭയമില്ലാതെ അക്രമിയെ നേരിട്ട് അഹമ്മദ് അല്‍ അഹമ്മദ്; രണ്ടു തവണ വെടിയേറ്റിട്ടും അക്രമിയെ കീഴടക്കി; പതിനാറ് പേര്‍ കൊല്ലപ്പെട്ട ആക്രമണം നടന്നതിങ്ങനെ..
വൈകീട്ട് ആറുമണിയോടെ ബീച്ചില്‍ ജൂതരുടെ ആഘോഷം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വാഹനത്തിലെത്തിയ രണ്ട് തോക്കുധാരികള്‍ ആളുകളെ ലക്ഷ്യംവെച്ച് തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തില്‍ ധീരമായ ഇടപെടലിലൂടെ ശ്രദ്ധേയനായ വ്യക്തിയെ തിരിച്ചറിഞ്ഞു. സിഡ്‌നിയില്‍ പഴക്കച്ചവടം നടത്തുന്ന അഹമ്മദ് അല്‍ അഹമ്മദാണ് ആക്രമിയെ വെറും കൈകളോടെ നേരിട്ടത്. 43 വയസ്സുള്ള അഹമ്മദിന് ആക്രമണത്തിനിടെ രണ്ട് വെടിയേറ്റതായും അദ്ദേഹം നിലവില്‍ സിഡ്‌നിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായും അധികൃതര്‍ അറിയിച്ചു.
ആക്രമി വെടിയുതിര്‍ക്കുമ്പോള്‍, ആയുധമില്ലാതെ ഒരാള്‍ ധൈര്യത്തോടെ തോക്കുധാരിയെ നേരിടുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ആ വ്യക്തി അഹമ്മദാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. കാറുകളുടെ മറവില്‍ നിന്ന ശേഷം ആക്രമിയിലേക്കു ഓടിച്ചെത്തിയ അഹമ്മദ്, ഇയാളെ കഴുത്തില്‍ പിടിച്ച് തള്ളിയിടുകയും തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് ആ ആയുധം ഉപയോഗിച്ച് ആക്രമിയെ നിയന്ത്രണത്തിലാക്കി.
അഹമ്മദിന്റെ സമയോചിതവും ധീരവുമായ ഇടപെടലാണ് അക്രമികളില്‍ ഒരാളെ നിരായുധനാക്കാനും കൂടുതല്‍ വലിയ ദുരന്തം ഒഴിവാക്കാനും കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. സിഡ്‌നി വെടിവയ്പ്പിലെ ഹീറോയെന്ന നിലയില്‍ അഹമ്മദിന് സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ പ്രശംസ ലഭിക്കുകയാണ്.
അതേസമയം, അക്രമികളില്‍ ഒരാളെ തിരിച്ചറിഞ്ഞു. നവീദ് അക്രം എന്നു പേരുള്ള ഇയാളുടെ സിഡ്നിയിലെ ബോണിറിഗ്ഗിലുള്ള വീട്ടില്‍ പോലീസ് പരിശോധന നടത്തുന്നു.പാക്കിസ്ഥാന്‍ സ്വദേശിയാണ് ഇയാള്‍

