കൊച്ചി: കേരളത്തില്‍ ഏറെ വിവാദമായ മുനമ്പം വഖഫ് ഭൂമി കേസില്‍ സ്ഥലം ഉടമകള്‍ക്ക് അനുകൂലമായി വീണ്ടും കോടതിയുടെ ഇടപെടല്‍. മുനമ്പത്ത് താമസിക്കുന്ന ജനങ്ങളില്‍ നിന്നു നികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേരള ഹൈക്കോടതി അനുമതി നല്‍കി. താല്‍ക്കാലിക അടിസ്ഥാനത്തില്‍ നികുതി സ്വീകരിക്കുന്നതിനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. മുനമ്പത്തുള്ളത് വഖഫ് ഭൂമിയല്ലെന്ന് നേരത്ത് നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിച്ചിരുന്നു.
ഭൂനികുതി സ്വീകരിക്കാന്‍ റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതി ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വളരെ നിര്‍ണായകമായ ഉത്തരവ് വന്നിരിക്കുന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടതിനെ തുടര്‍ന്ന് ഭൂ സംരക്ഷണ സമിതി സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി നേരത്തെ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേ തുടര്‍ന്നാണ് ജസ്റ്റിസ് സി ജയചന്ദ്രന്‍ ഇന്ന് ഇടക്കാല നിര്‍ദേശം നല്‍കിയിരിക്കുന്നത്.

