തിരുവനന്തപുരം: കേന്ദ്ര ബജറ്റിന്റെ പശ്ചാത്തലത്തിൽ മെട്രോമാൻ ഇ.ശ്രീധരനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ.അതിവേഗ പാതയുമായി ബന്ധപ്പെട്ട് വലിയ എന്തോ വരാൻ പോകുന്നുവെന്ന പ്രതീതി സൃഷ്ടിച്ചവർക്ക് ഇപ്പോൾ മറുപടിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന തുടരുകയാണ്. എയിംസിന് സ്ഥലം കണ്ടെത്തിയിട്ടും പ്രധാനമന്ത്രിയോടടക്കം ഇക്കാര്യം വ്യക്തമാക്കിയിട്ടും കേന്ദ്രം മുഖം തിരിക്കുകയാണ്. ഇതിനെതിരെ ശബ്ദമുയർത്താൻ പ്രതിപക്ഷം തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന നിലപാട് കോൺഗ്രസും, ലീഗും സ്വീകരിച്ചു. ഇത് കേന്ദ്ര സർക്കാർ അവസരമായി കണ്ടു. മറ്റ് സംസ്ഥാനങ്ങളിൽ നാടിന്റെ പൊതുവായ ആവശ്യങ്ങൾക്ക് വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു നിൽക്കും. എന്നാൽ കേരളത്തിൽ അങ്ങനെയല്ല. ഇത് കേന്ദ്രത്തിന് അറിയാം. ബജറ്റ് അവഗണനയ്ക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

