പണം അത്യാഹിത ചികിത്സയ്ക്കു മാനദണ്ഡമാകരുത്, ചികിത്സാ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം, ആശുപത്രികള്‍ക്ക് താക്കീത്

കൊച്ചി: പണമില്ലാത്തതിന്റെയോ രേഖകളില്ലാത്തതിന്റെയോ പേരില്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കരുതെ കേരള ഹൈക്കോടതി. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ചായിരിക്കണം ആശുപത്രികള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. രോഗികളുടെ ആരോഗ്യ നില ഭദ്രമാണെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ആശുപത്രികള്‍ക്കുണ്ടെന്ന് ഇതു പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്നു കോടതി സുപ്രധാന വിധിന്യായത്തിലൂടെ ചൂണ്ടിക്കാട്ടി. ഇതിനു മുമ്പ് ഇതേ രീതിയില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷനും സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

സംസ്ഥാനത്തെ എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തില്‍ വരുന്ന രോഗികളെ പരിചരിച്ചേ മതിയാകൂ. രോഗിയുടെ ആരോഗ്യനില ഭദ്രമാണെന്ന് ഉറപ്പിക്കണം. തുടര്‍ചികിത്സയ്ക്ക് മറ്റ് ആശുപത്രികളിലേക്ക് മാറ്റണമെങ്കില്‍ ഉത്തരവാദിത്വവും ആശുപത്രികള്‍ ഏറ്റെടുക്കണം. ആശുപത്രികളില്‍ ഓരോ ചികിത്സയുടെയും നിരക്ക് വ്യക്തമായ വിധത്തില്‍ രേഖപ്പെടുത്തണം. ഡോക്ടര്‍മാരുടെ പേരും സേവനങ്ങളും ഇംഗ്ലീഷിലും മലയാളത്തിലും പ്രദര്‍ശിപ്പിക്കണം. പരാതി പരിഹാര സംവിധാനത്തിന്റെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ആശുപത്രികളില്‍ പരാതി പരിഹാര ഡസ്‌ക് പ്രവര്‍ത്തിപ്പിക്കുകയും വേണം. ഓരോ പരാതിയും പരമാവധി ഏഴു ദിവസത്തിനുള്ളില്‍ പരിഹരിക്കണം. ഇപ്രകാരം പരിഹരിക്കാനാവുന്നില്ലെങ്കില്‍ ആ പരാതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും കോടതി മുന്നോട്ടു വച്ചു.

Leave a Reply

Your email address will not be published. Required fields are marked *