ജെഫ്രി എപ്‌സ്റ്റീനെ കണ്ടിട്ടില്ല, ഒരു ബന്ധവുമില്ല; യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകി ഹിലരി ക്ലിന്റൺ

വാഷിംഗ്ടൺ: അന്തരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് മുൻ യുഎസ് പ്രഥമ വനിതയും സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന ഹിലരി ക്ലിന്റൺ. യുഎസ് കോൺഗ്രസിന് (ഹൗസ് ഓവർസൈറ്റ് കമ്മിറ്റി) മുന്നിൽ നൽകിയ ആറ് മണിക്കൂർ നീണ്ട രഹസ്യ മൊഴിയിലാണ് ഹിലരി ഇക്കാര്യം വ്യക്തമാക്കിയത്.

ജെഫ്രി എപ്‌സ്റ്റീനെ താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്ന് ഹിലരി ആവർത്തിച്ചു. അദ്ദേഹത്തിന്റെ ഓഫീസിലോ വസതിയിലോ ദ്വീപിലോ താൻ ഒരിക്കലും പോയിട്ടില്ലെന്നും അവർ മൊഴി നൽകി. തന്റെ ഭർത്താവും മുൻ യുഎസ് പ്രസിഡന്റുമായ ബിൽ ക്ലിന്റണ് എപ്‌സ്റ്റീനുമായി ഉണ്ടായിരുന്ന ബന്ധം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നുവെന്ന് ഹിലരി പറഞ്ഞു. എന്നാൽ എപ്‌സ്റ്റീൻ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിന് മുൻപ് തന്നെ ആ ബന്ധം അവസാനിച്ചതായും അവർ ചൂണ്ടിക്കാട്ടി.

എപ്‌സ്റ്റീന്റെ പങ്കാളിയായിരുന്ന ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ തന്റെ മകൾ ചെൽസിയ ക്ലിന്റന്റെ വിവാഹത്തിൽ അതിഥിയായി പങ്കെടുത്ത കാര്യം ഹിലരി സമ്മതിച്ചു. ക്ലിന്റൺ ഫൗണ്ടേഷന്റെ പരിപാടികളിലും മാക്‌സ്‌വെൽ പങ്കെടുത്തിരുന്നു. എന്നാൽ എപ്‌സ്റ്റീന്റെ ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്ന് അവർ വ്യക്തമാക്കി.ഹൗസ് ഓവർസൈറ്റ് കമ്മിറ്റി അധ്യക്ഷൻ ജെയിംസ് കോമറുടെ നേതൃത്വത്തിലാണ് ആറ് മണിക്കൂർ നീണ്ട തെളിവെടുപ്പ് നടന്നത്. ചോദ്യം ചെയ്യലിനിടെ ഒരു ഫോട്ടോയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് അല്പനേരം നടപടികൾ തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച അവർ, തന്നോട് ചോദിച്ച ചോദ്യങ്ങൾക്ക് കഴിയുന്നത്ര പൂർണ്ണമായ മറുപടി നൽകിയതായി വ്യക്തമാക്കി.ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഉന്നതതല അന്വേഷണത്തിന്റെ ഭാഗമായാണ് ഹിലരി ക്ലിന്റണെ വിളിച്ചുവരുത്തിയത്. വരും ദിവസങ്ങളിൽ ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രമുഖരുടെ മൊഴികൾ രേഖപ്പെടുത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *