കണ്ണൂർ: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി അയ്യായിരം കോടി രൂപയുടെ ബൃഹത്തായ പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ആദ്യത്തെ സമഗ്ര അന്താരാഷ്ട്ര വിദ്യാലയമായി മാറിയ കണ്ണൂർ മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ പൊതുവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയതിനൊപ്പം തന്നെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും സാധിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലും സമാനമായ പുരോഗതി കൈവരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അത്യാധുനിക പഠനസൗകര്യങ്ങളും രാജ്യാന്തര നിലവാരത്തിലുള്ള ലാബ്, ലൈബ്രറി സംവിധാനങ്ങളുമാണ് മുണ്ടേരി സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ സാധാരണക്കാരായ വിദ്യാർത്ഥികൾക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അന്താരാഷ്ട്ര വിദ്യാലയം യാഥാർത്ഥ്യമാക്കിയത്. ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.

