ഓസ്ട്രേലിയന്‍ വിദ്യാലയങ്ങളില്‍ ചരിത്രപരമായ മാറ്റം; 16.5 ബില്യണ്‍ ഡോളറിന്റെ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം

കാന്‍ബെറ : ഓസ്ട്രേലിയയിലെ പൊതുവിദ്യാലയങ്ങളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ വിദ്യാഭ്യാസ മേഖലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നു. ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 16.5 ബില്യണ്‍ ഡോളറിന്റെ ‘ബെറ്റര്‍ ആന്‍ഡ് ഫെയര്‍ സ്‌കൂള്‍സ് എഗ്രിമെന്റ്’ (Better and Fairer Schools Agreement) പ്രകാരമുള്ള പദ്ധതികളാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്.അടുത്ത പത്ത് വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതോടൊപ്പം സ്‌കൂളുകളില്‍ കുട്ടികള്‍ നേരിടുന്ന ബുള്ളിയിംഗ് തടയുന്നതിനായി ദേശീയ തലത്തില്‍ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.ബുള്ളിയിംഗ് സംബന്ധിച്ച പരാതി ലഭിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കണം.കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനും സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനും ഈ നീക്കം വലിയ മാറ്റമുണ്ടാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസണ്‍ ക്ലെയര്‍ വ്യക്തമാക്കി.

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന നിലവാരം ഉറപ്പാക്കാന്‍ പ്രത്യേക പരിശോധനകളും ആരംഭിച്ചു.വായനയിലും കണക്കിലും പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ നേരത്തെ തന്നെ കണ്ടെത്തും.പഠനത്തില്‍ പ്രയാസം നേരിടുന്ന കുട്ടികള്‍ക്കായി ചെറിയ ഗ്രൂപ്പുകളായി തിരിച്ചുള്ള പ്രത്യേക ട്യൂട്ടറിംഗ് സൗകര്യം ഏര്‍പ്പെടുത്തും. ക്ലാസില്‍ ആരും പിന്നിലായി പോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇത് സഹായിക്കും.

വെസ്റ്റേണ്‍ ഓസ്ട്രേലിയ ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളും ടെറിട്ടറികളും ഈ വര്‍ഷം തന്നെ ഒന്നാം ക്ലാസ്സിലെ കണക്ക് പരിശോധന നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കും.സ്‌കൂളുകളിലെ ഹാജര്‍ നില ഉയര്‍ത്തുന്നതിനും പഠന നിലവാരത്തില്‍ ആഗോളതലത്തില്‍ ഓസ്ട്രേലിയയെ മുന്‍നിരയിലെത്തിക്കുന്നതിനുമാണ് സര്‍ക്കാര്‍ ഇത്രയും വലിയ തുക നിക്ഷേപിക്കുന്നത്. ഈ ഉടമ്പടിയിലൂടെ ഓരോ കുട്ടിക്കും മികച്ച വിദ്യാഭ്യാസം ലഭിക്കാനുള്ള സാഹചര്യം ഉറപ്പാക്കുമെന്ന് ജേസണ്‍ ക്ലെയര്‍ കൂട്ടിച്ചേര്‍ത്തു.

കുട്ടികളുടെ സ്‌കൂളുകളില്‍ ഈ പുതിയ ട്യൂട്ടറിംഗ് സൗകര്യങ്ങള്‍ ലഭ്യമാണോ എന്നും ബുള്ളിയിംഗ് തടയാനുള്ള പുതിയ ഹെല്‍പ്പ്ലൈന്‍ സംവിധാനങ്ങളെക്കുറിച്ചും സ്‌കൂള്‍ അധികൃതരോട് ചോദിച്ചു മനസ്സിലാക്കണമെന്ന് മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കി.

Leave a Reply

Your email address will not be published. Required fields are marked *