ന്യൂയോര്‍ക്ക്: നിരവധി ക്ലാസിക് സിനിമകളിലൂടെ ഹോളിവുഡിനെ കീഴടക്കിയ താരവും സംവിധായകനുമായി റോബര്‍ട്ട് റെഡ്ഫോര്‍ഡ് അന്തരിച്ചു. ബുച്ച് കസീഡി, സണ്‍ഡേന്‍ കിഡ്, ഓള് ദി പ്രസിഡന്റ്സ് മെന്‍ തുടങ്ങിയ സിനിമകളിലൂടെ ലോകമെങ്ങുമുള്ള സിനിമ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ നടന്റ് അന്ത്യം ഇന്നലെ പുലര്‍ച്ചെ യൂട്ടായിലെ വസതിയിലായിരുന്നു. അദ്ദേഹത്തിന് 89 വയസായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളിലും എഴുപതുകളിലുമായിരുന്നു റെഡ്ഫോര്‍ഡിന്റെ കരിയറിലെ ഏറ്റവും മികച്ച കാലമായി കരുതപ്പെടുന്നത്. ഓര്‍ഡിനറി പീപ്പിള്‍ എന്ന വിശ്രുത കുടുംബ സിനിമയിലൂടെ മികച്ച സംവിധായകനുള്ള ഓസ്കാര്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളുടെ ജേതാവാണ്. ഇത് ഉള്‍പ്പെടെ ഏഴു സിനിമകളാണ് റെഡ്ഫോര്‍ഡ് സംവിധാനം ചെയ്തത്.
നടനും സംവിധായകനും എന്നതിനു പുറമെ സ്വന്തമായ രാഷ്ട്രീയ നിലപാടുകള്‍ പുലര്‍ത്തിയിരുന്ന ആക്ടിവിസ്റ്റ എന്ന നിലയില്‍ കൂടി ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. തന്റെ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് സണ്‍ഡേന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സന്നദ്ധ സംഘടന ആരംഭിക്കുകയാണ് റെഡ്ഫോര്‍ഡ് ചെയ്തത്. ലോകത്ത് സമാന്തര സിനിമകളുടെ ഏറ്റവും മികച്ച മേളയായി കണക്കാക്കപ്പെടുന്ന സണ്‍ഡേന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത് ഈ സന്നദ്ധ സംഘടനയാണ്. പരമ്പരാഗത രീതികളില്‍ വ്യത്യസ്തമായ സിനിമകള്‍ക്കും അവസരം തേടുന്ന പ്രതിഭകള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതും സണ്‍ഡേ ഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു.
ആറു പതിറ്റാണ്ടുകള്‍ നീണ്ട ദീര്‍ഘമായ അഭിനയജീവിതമാണ് റെഡ്ഫോര്ഡിനുള്ളത്. ഓസ്കാര്‍ പുരസ്കാരത്തിനു പുറമെ രണ്ട് അക്കാദമി അവാര്‍ഡുകളും അക്കാദമിയുടെ വിശിഷ്ട സേവന പുരസ്കാരവും നേടിയിട്ടുണ്ട്. മൂന്നു തവണയാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന് അര്‍ഹനായത്. ആയുഷ്കാല മികവിനുള്ള സെസില്‍ ബി ഡെമില്‍ പുരസ്കാരവും റെഡ്ഫോര്‍ഡിനെ തേടിയെത്തി. ചാള്‍സ് റോബര്‍ട്ട് റെഡ്ഫോര്‍ഡ് ജൂണിയര്‍ എന്നാണ് മുഴുവന്‍ പേര്. 1936 ഓഗസ്റ്റ് 18ന് കാലിഫോര്‍ണിയയിലാണ് ജനനം. വളരെ പാവപ്പെട്ട സാഹചര്യങ്ങളില്‍ നിന്നാണ് വരുന്നതെങ്കിലും ബിരുദ പഠനത്തിനു ശേഷം സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായി ഫ്രാന്‍സ്, സ്പെയിന്, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കു നീങ്ങി. വളരെ ദീര്‍ഘമായ അനുഭവ സമ്പത്ത് സമ്പാദിക്കാന്‍ അലഞ്ഞുള്ള ഈ നടപ്പാണ് സഹായകമായത്. അവസാനം ന്യൂയോര്‍ക്കില്‍ തിരിച്ചെത്തുകയും അമേരിക്കന്‍ അക്കാദമി ഓഫ് ഡ്രമറ്റിക് ആര്‍ട്സില്‍ പഠിതാവായി ചേരുകയും ചെയ്തു. അവിടെ നിന്നാണ് അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്നതും സിനിമയുടെ ലോകത്തെത്തുന്നതും.
അനശ്വര ഹോളിവുഡ് നടനും സംവിധായകനുമായ റോബര്‍ട്ട് റെഡ്ഫോര്‍ഡ് അന്തരിച്ചു

