ലോസാഞ്ചലസ്: ഹോളിവുഡിന്റെയാകെ നെഞ്ചില്‍ തീ കോരിയിട്ടുകൊണ്ട് ഒന്നിനു പിന്നാലെ ഒന്നായി സിനിമകള്‍ ഏഴു നിലയില്‍ പൊട്ടുക മാത്രം ചെയ്യുന്നു. ഒരൊറ്റ പടം പോലും കഴിഞ്ഞ മൂന്നു മാസത്തിനിടെ ബോക്‌സ് ഓഫീസില്‍ ഒരു തരത്തിലുള്ള ചലനവും സൃഷ്ടിക്കാതെ പെട്ടിയിലൊതുങ്ങി. തീയറ്ററുകളിലെത്തി സിനിമ കാണാന്‍ പ്രേക്ഷകര്‍ തയാറാകാത്തതാണ് ഒന്നിനു പിന്നാലെ ഒന്നായി ഓരോ പടം വീതം പൊളിയുന്നതിനുള്ള കാരണം. സൂപ്പര്‍ താരങ്ങളായ ജൂലിയ റോബര്‍ട്‌സിന്റെ ആഫ്റ്റര്‍ ദി ഹണ്ട്, സിഡ്‌നി സ്വീനിയുടെ ക്രിസ്റ്റി, ജെന്നിഫര്‍ ലോറന്‍സിന്റെ ഡൈ മൈ ലവ് എന്നിവയെല്ലാം എട്ടു നിലയില്‍ പൊട്ടിയ പടങ്ങളുടെ ഗണത്തിലുണ്ട്.
വന്‍ തോതില്‍ പണമിറക്കി നിര്‍മിച്ചു എന്നു മാത്രമല്ല, അതിനൊത്ത ബജറ്റില്‍ മാര്‍ക്കറ്റിംഗും നടത്തിയതാണ് ഓരോ പടവും. വന്‍താരങ്ങളെ തന്നെയാണ് ഇവയൊക്കെ പ്രൊമോഷന്റെ ഭാഗമായും കളത്തിലിറക്കിയത്. അടിക്കടി 25 ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഹോളിവുഡില്‍ കണ്ണീരുവീഴ്ത്തിയതെ്‌നു പറയുന്നു. നിശ്ചിത ദിവസം തീയറ്ററുകളില്‍ ഓടിയ പടം പോലും വിരലിലെണ്ണാവുന്ന പ്രേക്ഷകര്‍ക്കുവേണ്ടിയാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഏഴു കോടി ഡോളറിന്റെ മുകളിലായിരുന്നു ആഫ്റ്റര്‍ ദി ഹണ്ടിന്റെ നിര്‍മാണച്ചെലവെന്നു പറയുന്നു. പ്രൊമോഷനു വാരിയെറിഞ്ഞ കോടികള്‍ അതിനും പുറമെ. എന്നിട്ടും അമേരിക്കയിലും കാനഡയിലുമായി ആകെ കളക്ട് ചെയ്തത് മൂന്നു കോടി ഡോളര്‍ മാത്രം. ഇതിനൊപ്പം പണം മുടക്കി ജെന്നിഫര്‍ ലോപ്പസിനെ വച്ച് നിര്‍മിച്ച കിസ് ഓഫ് ദി സ്‌പൈഡര്‍ വുമണ്‍ കളക്ട് ചെയ്തത് ഒന്നര കോടിയാണത്രേ.

