കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിച്ച മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 178 കുടുംബങ്ങൾക്കുള്ള വീടുകളുടെ താക്കോലും ഭൂമിയുടെ പട്ടയവും മുഖ്യമന്ത്രി കൈമാറി. അടുത്ത കാലവർഷത്തിന് മുൻപായി ദുരന്തബാധിതരായ എല്ലാവർക്കും വീട് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.
ഒന്നാം ഘട്ടത്തിൽ 178 വീടുകളാണ് കൈമാറിയത്. ആകെ 410 വീടുകളാണ് ടൗൺഷിപ്പിൽ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ 402 കുടുംബങ്ങളിലെ 1,662 പേർക്ക് ഇവിടെ സ്ഥിരതാമസത്തിന് സൗകര്യമുണ്ടാകും.പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിലാണ് ഓരോ വീടിന്റെയും നിർമ്മാണം. 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളിൽ മൂന്ന് കിടപ്പുമുറികൾ, ലിവിങ് റൂം, പഠനമുറി എന്നിവയുണ്ട്. ഭാവിയിൽ മുകളിലേക്ക് ഒരു നില കൂടി പണിയാൻ സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ ഫൗണ്ടേഷൻ ഒരുക്കിയിരിക്കുന്നത്. ഓരോ വീടിനും 2 കെ.വി ശേഷിയുള്ള സോളാർ പാനലുകളും സ്ഥാപിച്ചിട്ടുണ്ട്.അഞ്ച് സോണുകളിലായി 35 ക്ലസ്റ്ററുകളായാണ് ടൗൺഷിപ്പ് നിർമ്മിച്ചിരിക്കുന്നത്. ആരോഗ്യ കേന്ദ്രം, അങ്കണവാടി, കമ്മ്യൂണിറ്റി ഹാൾ, മാർക്കറ്റ്, ലൈബ്രറി, സ്പോർട്സ് ക്ലബ്, 9.5 ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക്, ഭൂഗർഭ വൈദ്യുത ശൃംഖല തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ടൗൺഷിപ്പിലുണ്ട്.
ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. എന്നിരുന്നാലും, 555 ഗുണഭോക്താക്കളുടെ 18.75 കോടി രൂപയുടെ വായ്പ ബാധ്യത സർക്കാർ ഏറ്റെടുത്തതായും അദ്ദേഹം അറിയിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) ഇതുവരെ 773.98 കോടി രൂപ ലഭിച്ചതായും, പുനരധിവാസ പ്രവർത്തനങ്ങളിൽ ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിലാണ് കേരളം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. 2024 ജൂലൈ 30-നുണ്ടായ മഹാദുരന്തത്തിന് ശേഷമുള്ള ഏറ്റവും വലിയ അതിജീവന പ്രവർത്തനമായാണ് ഈ ടൗൺഷിപ്പ് വിലയിരുത്തപ്പെടുന്നത്.

