മുംബൈ: ഇന്ത്യയിലെ വാഹന വിപണിയിലേക്ക് കണ്ണുവച്ചിരിക്കുകയാണ് ജപ്പാനിലെ വാഹന നിര്‍മാതാക്കളായ ഹോണ്ടയും സുസുക്കിയും നിസാനും. കൊറിയന്‍ കമ്പനികളായ ഹ്യൂണ്ടായിയും കിയയും ഇന്ത്യന്‍ വിപണിയില്‍ മുന്നേറുമ്പോള്‍ ഉല്‍പാദന കയറ്റുമതി കേന്ദ്രമായിക്കി ഇന്ത്യയെ മാറ്റാനാണ് ഇവരുടെ പദ്ധതി. ഇതിനായി 97000 കോടി രൂപ നിക്ഷേപിക്കാനാണ് ഇവര്‍ ഒരുങ്ങുന്നത്. കാര്‍ വില്‍ക്കുന്നതിനുള്ള വിപണി എന്നതിനപ്പുറം നിര്‍മാണവും കയറ്റുമതിയും ഇന്ത്യയെ മുന്‍നിര്‍ത്തി വിപുലപ്പെടുത്താനായിരിക്കും പുതിയ ഇന്‍വസ്റ്റ്‌മെന്റ് ഉപയോഗിക്കുക.
ചൈനയില്‍ സായിക്, ബിവൈഡി പോലെയുള്ള കമ്പനികളില്‍ നിന്നു കടുത്ത മത്സരമാണ് വിദേശ കാര്‍ നിര്‍മാതാക്കള്‍ക്കു നേരിടേണ്ടതായി വരുന്നത്. എന്നാല്‍ ഇന്ത്യയില്‍ ചൈനീസ് കാര്‍ കമ്പനികള്‍ക്കു കടന്നു കയറുന്നതിന് കടുത്ത പ്രതിബന്ധങ്ങളാണുള്ളത്. എന്നാല്‍ ഹോണ്ടയും നിസാനും ഇന്ത്യയില്‍ പണ്ടേ ചുവടുറപ്പിച്ചു കഴിഞ്ഞവയുമാണ്. ഇത് അവസരമാക്കി മാറ്റുന്നതിലൂടെ വളര്‍ച്ച വര്‍ധിപ്പിക്കുകയും ചൈനീസ് ഭീഷണിയെ നേരിടുകയും ചെയ്യാനാവുമെന്നാണ് ഇവരുടെ പ്രതീക്ഷ. സുസുക്കിയെ സംബന്ധിച്ചിടത്തോളമാണെങ്കില്‍ മാരുതിയുമായുള്ള ബാന്ധവം വിപണിയില്‍ ഏതു വെല്ലുവിളിയെയും നേരിടാന്‍ തക്ക ശക്തവുമാണ്. സുസുക്കിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ വിപണി വിഹിതം വര്‍ധിപ്പിക്കുന്നതും ആഗോള ഉല്‍പാദനത്തിന്റെ കേന്ദ്രമാക്കുന്നതും അതിനാല്‍ പ്രയാസം കുറഞ്ഞ കാര്യവുമാണ്.
ഇന്ത്യയില്‍ പുതിയതും നിരവധി മേന്മകളുള്ളതുമായ പതിനഞ്ചോളം പുതിയ മോഡലുകളാണ് ടൊയോട്ട അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. നിലവിലെ എട്ടു ശതമാനം വിപണി വിഹിതം പത്തു ശതമാനമെങ്കിലുമായി വര്‍ധിപ്പിക്കുന്നതാണ് ടൊയോട്ടയുടെ ലക്ഷ്യം. ഇരുചക്ര വാഹന വിപണിയില്‍ ഹോണ്ടയുടെ ആധിപത്യമാണ് ഇന്ത്യയിലുള്ളത്. ഇത് കാറുകളുടെ വിഭാഗത്തിലേക്കു കൂടിയെത്തിക്കുക എന്നതാണ് ഹോണ്ട ലക്ഷ്യമിടുന്നത്.

