തായ്പേയ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായ തായ്പേയ് 101 (Taipei 101), സുരക്ഷാ ഉപകരണങ്ങളോ കയറുകളോ ഒന്നുമില്ലാതെ കീഴടക്കി അമേരിക്കന്‍ സാഹസികന്‍ അലക്‌സ് ഹോനോള്‍ഡ് ചരിത്രം സൃഷ്ടിച്ചു. 508 മീറ്റര്‍ ഉയരമുള്ള ഈ ബഹുനില മന്ദിരം വെറും 90 മിനിറ്റ് കൊണ്ടാണ് അദ്ദേഹം കയറിത്തീര്‍ത്തത്.
ഞായറാഴ്ച രാവിലെ ആരംഭിച്ച യാത്രയില്‍ ചുവന്ന ഷര്‍ട്ട് ധരിച്ച ഹോനോള്‍ഡ്, കെട്ടിടത്തിന്റെ പുറംഭാഗത്തുള്ള ചെറിയ നിര്‍മ്മിതികളില്‍ (Lshaped outcroppings) പിടിച്ചാണ് മുകളിലേക്ക് കയറിയത്. കെട്ടിടത്തിന്റെ മധ്യഭാഗത്തുള്ള 64 നിലകളായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ‘ബാംബൂ ബോക്‌സുകള്‍’ എന്ന് വിളിക്കപ്പെടുന്ന എട്ട് ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ ഭാഗത്ത് കുത്തനെയുള്ള കയറ്റമാണ് ഉണ്ടായിരുന്നത്.
കൃത്യം ഒന്നര മണിക്കൂറിനുള്ളില്‍ കെട്ടിടത്തിന്റെ മുകളില്‍ എത്തിയ ഹോനോള്‍ഡ്, താഴെ തടിച്ചുകൂടിയ ജനക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്തു.മുമ്പ് കാലിഫോര്‍ണിയയിലെ യോസെമിറ്റി നാഷണല്‍ പാര്‍ക്കിലെ ‘എല്‍ കാപ്പിറ്റാന്‍’ കീഴടക്കിയതിലൂടെയാണ് ഹോനോള്‍ഡ് ലോകശ്രദ്ധ നേടിയത്. ആധുനിക സാഹസിക ചരിത്രത്തിലെ ഏറ്റവും ധീരമായ നീക്കങ്ങളിലൊന്നായി ഈ തായ്പേയ് ദൗത്യം വിലയിരുത്തപ്പെടുന്നു

