ന്യൂഡൽഹി: വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് കാപ്പി കർഷകരുടെ സംഘടനയായ കോഫി ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഎഫ്എഫ്ഐ).
ആന, കാട്ടുപന്നി, കുരങ്ങ്, മാൻ, മയിൽ തുടങ്ങിയ വന്യജീവികൾ കർഷകരുടെ കാപ്പിത്തോട്ടങ്ങളെ ആക്രമിക്കുന്നത് ഈ മേഖലയിലുള്ളവരെ വലിയ ദുരിതത്തിലേക്ക് തള്ളിവിടുന്നതായും സംഘടന ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ വന്യജീവി സംഘർഷം നിമിത്തം രാജ്യത്താകമാനം ലക്ഷക്കണക്കിന് കർഷകർ വിളനാശം നേരിടുന്നുണ്ട്. എന്നാൽ ഈ പ്രശ്ങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ ഉണ്ടാകുന്നില്ല.
മഹാരാഷ്ട്രയിൽ മാത്രം വന്യജീവി ആക്രമണത്തെത്തുടർന്ന് കാർഷിക മേഖലയിൽ ഒരു സാന്പത്തികവർഷം 40,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ഇതിന്റെ വ്യാപ്തി തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജീവമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതിക്ക് കേന്ദ്രസർക്കാർ തയാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് കേരള സർക്കാർ സ്വീകരിച്ച ചില നടപടികൾ അഭിനന്ദനാർഹമാണെന്നും സിഎഫ്എഫ്ഐ ചൂണ്ടിക്കാട്ടി.

