ആലപ്പുഴ: സിപിഎമ്മുമായി നിലനിൽക്കുന്ന ഭിന്നതകൾക്കിടെ, താൻ മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്കും ചേരുന്നില്ലെന്ന് മുതിർന്ന നേതാവ് ജി. സുധാകരൻ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും, ഒരു പ്രതിപക്ഷ പാർട്ടിയുമായും ഇതുസംബന്ധിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തന്നെപ്പറ്റി പുറത്തുവരുന്ന വാർത്തകളെല്ലാം അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണെന്നും, ആരും തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ബുധനാഴ്ച എം.എ. ബേബി തന്നെ വീട്ടിലെത്തി കണ്ടിരുന്നതായും അദ്ദേഹം അറിയിച്ചു.താൻ പാർട്ടി അംഗത്വം ഒഴിഞ്ഞു എന്നത് ശരിയാണെങ്കിലും, പാർട്ടി ആശയങ്ങളെയും ആദർശങ്ങളെയും ഉപേക്ഷിച്ചിട്ടില്ലെന്ന് സുധാകരൻ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ആളാണ് താനെന്നും, പാർട്ടിയെ ആക്ഷേപിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമർദനം ഏറ്റുവാങ്ങിയ ചരിത്രമുള്ള താൻ പാർട്ടിക്കുവേണ്ടി ജീവിച്ച വ്യക്തിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

