ഇന്ത്യക്കായുള്ള ആദ്യ ഇലക്‌ട്രിക് കാറുമായി എത്തിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട (Toyota). അർബൻ ക്രൂയിസർ ഇബെല്ല എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ പലർക്കും മുമ്പ് കണ്ട് പരിചയം ഉണ്ടെങ്കിലും തെറ്റുപറയാനാവില്ല. കാരണം ഇത് മാരുതി സുസുക്കി ഇ വിറ്റാരയുടെ റീബാഡ്‌ജ് പതിപ്പാണ്.
ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6, വിൻഫാസ്റ്റ് VF6 എന്നീ വമ്പൻമാരുമായി പോരാടാൻ എത്തുമ്പോൾ ടൊയോട്ടയുടേതായ മുദ്രകളും പതിപ്പിച്ചുകൊണ്ടാണ് ഇബെല്ലയുടെ വരവ്. അടിസ്ഥാന രൂപം ഒന്നാണെങ്കിലും അല്ലറചില്ലറ മാറ്റങ്ങൾ ബ്രാൻഡ് വരുത്തിയിട്ടുണ്ടെന്ന് ചുരുക്കം. സ്ലീക്ക്, സെഗ്‌മെൻ്റഡ് എൽഇഡി ഡിആർഎൽ, ത്രികോണാകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ എന്നിവയിലൂടെ യുണീക് സ്റ്റൈൽ കൈവരിക്കാൻ അർബൻ ക്രൂയിസർ ഇബെല്ലയ്ക്ക് സാധിച്ചിട്ടുണ്ട്. ലംബമായുള്ള രണ്ട് എയർ വെൻ്റുകളുള്ള ഫ്രണ്ട് ബമ്പറും വ്യത്യസ്‌തമായി തോന്നുന്നുണ്ട്. വാഹനത്തിന് ചുറ്റിനും ഉദാരമായ ബോഡി ക്ലാഡിംഗ് കൊടുത്തിരിക്കുന്നത് അൽപം പരുക്കൻ ശൈലിയാണ് സമ്മാനിക്കുന്നത്. മാരുതി ഇവിയെപ്പോലെ പിൻ ഡോർ ഹാൻഡിലുകൾ സി-പില്ലറിനുള്ളിലാണ് കൊടുത്തിരിക്കുന്നത്.
അഞ്ച് മോണോടോൺ കളർ ഓപ്ഷനുകളും നാല് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളും ലഭ്യമാണ്. ടൊയോട്ടയുടെ മറ്റ് റീബാഡ്‌ജ് മാരുതി കാറുകളെ പോലെ വലിയ മാറ്റങ്ങളൊന്നും ഡിസൈനിൽ കാണാനാവില്ല. 10.1 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 12-കളർ ആംബിയന്റ് ലൈറ്റിംഗ്, ഒരു ജെബിഎൽ സൗണ്ട് സിസ്റ്റം എന്നിവ പോലുള്ള ഫീച്ചറുകളാണ് ഇവിയിലുള്ളത്.
നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകളും എല്ലാ വേരിയൻ്റുകളിലും 7 എയർബാഗുകളും സ്റ്റാൻഡേർഡാണ്. ഇതോടൊപ്പം 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, അക്കൗസ്റ്റിക് വെഹിക്കിൾ അലേർട്ട് സിസ്റ്റം (AVAS) തുടങ്ങിയ ലഭ്യമായ മറ്റ് ഫീച്ചറുകളും ടൊയോട്ട അർബൻ ക്രൂയിസർ ഇബെല്ലയിലുണ്ട്.ടോപ്പ്-സ്പെക്ക് അർബൻ ക്രൂയിസർ ഇവിയിൽ ലെയ്ൻ കീപ്പ് അസിസ്റ്റും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും ഉള്ള ലെവൽ 2 ADAS സ്യൂട്ട് ഉണ്ടെന്നും ടൊയോട്ട പറയുന്നു.
49 kWh, 61kWh എന്നിങ്ങനെ രണ്ട് LFP ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് കൊടുത്തിരിക്കുന്നത്. ചെറിയ യൂണിറ്റ് 142 bhp കരുത്തിൽ പരമാവധി 189 Nm ടോർക്ക് ഉത്പാദിപ്പിക്കുമ്പോൾ വലിയ ബാറ്ററി വകഭേദങ്ങൾ 172 bhp പവറിൽ 189 Nm ടോർക്കാണ് നൽകുക. ഒറ്റ ചാർജിൽ 543 കിലോമീറ്റർ ദൂരം വരെ ഇബെല്ല ഇവിക്ക് സഞ്ചരിക്കാൻ കഴിയുമെന്നാണ് കാർ നിർമ്മാതാവ് അവകാശപ്പെടുന്നു.
25,000 രൂപ ടോക്കൺ തുക നൽകി ടൊയോട്ട അർബൻ ക്രൂയിസർ ഇബെല്ല ഇലക്ട്രിക് എസ്‌യുവി ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

