ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആവേശപൂർവ്വം പുരോഗമിക്കുന്നു. ആകെ 1264 വോട്ടര്‍മാരാണ് ഇവിടെ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ളത്. ഇതിൽ 675 പുരുഷന്മാരും 589 സ്ത്രീകളും ഉൾപ്പെടുന്നു. ദുർഘടമായ ഭൂപ്രകൃതിയെ മറികടന്ന് രാവിലെ ഏഴ് മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചു.
ഇടമലക്കുടി ട്രൈബല്‍ സ്കൂള്‍, ഇ.ഡി.സി സെന്റര്‍, പരപ്പയാര്‍കുടി കമ്മ്യൂണിറ്റി ഹാള്‍, മുളകുതറകുടി എന്നിവിടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള മൂന്ന് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സുഗമമായ വോട്ടെടുപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ദേവികുളം സബ്കളക്ടറും റിട്ടേണിംഗ് ഓഫീസറുമായ ആര്യ വി. എം അറിയിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പഞ്ചായത്തിൽ നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നു.


മേഖലയിലെ നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ വോട്ടെടുപ്പിനെ ബാധിക്കാതിരിക്കാൻ വിപുലമായ വയര്‍ലെസ് സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വയര്‍ലെസ് സെറ്റ് വഴിയാണ് ഡേറ്റാ അപ്ഡേഷനുകൾ നടത്തുന്നത്. പി.ആര്. ആപ്ലിക്കേഷനിലൂടെ ഓരോ സമയത്തെയും പോളിംഗ് ശതമാനം ഉദ്യോഗസ്ഥർ തത്സമയം അപ്ഡേറ്റ് ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് എന്തെങ്കിലും തടസമുണ്ടായാൽ പകരം ഉപയോഗിക്കാനായി സി.സി.ടി.വി ക്യാമറകളും ബൂത്തുകളിൽ സജ്ജമാണ്. സ്വയം സന്നദ്ധരായി മുന്നോട്ടുവന്ന ഉദ്യോഗസ്ഥരെയാണ് ഈ മേഖലയിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. വോട്ടിംഗ് സമാധാനപരമായി തുടരുകയാണെന്ന് സബ് കളക്ടര്‍ വ്യക്തമാക്കി.

