പത്തുപേർ മനസ്സുവെച്ചാൽ ലോകത്തിന്റെ പട്ടിണി മാറും ;ശതകോടീശ്വരന്മാരുടെ സമ്പത്ത് പങ്കുവെച്ചാൽ മാറുന്നത് ലോകത്തിന്റെ വിധി

ലണ്ടൻ: ലോകത്തെ പിടിച്ചുലയ്ക്കുന്ന അതിദാരിദ്ര്യത്തിനും ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ വിഭവങ്ങളുടെ കുറവല്ല, മറിച്ച് വിതരണത്തിലെ അസമത്വമാണ് തടസ്സമെന്ന് പുതിയ പഠന റിപ്പോർട്ടുകൾ. ലോകത്തെ ആദ്യ പത്ത് ശതകോടീശ്വരന്മാർ തങ്ങളുടെ ആകെ സ്വത്തിന്റെ പകുതി ദാനം ചെയ്യാൻ തയ്യാറായാൽ നിലവിലെ ആഗോള പ്രതിസന്ധികൾ നിഷ്പ്രയാസം പരിഹരിക്കാമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇലോൺ മസ്ക്, ജെഫ് ബെസോസ്, മാർക്ക് സക്കർബർഗ് തുടങ്ങിയ അതിസമ്പന്നരുടെ കൈവശമുള്ള സമ്പത്തിന്റെ പകുതി വിനിയോഗിച്ചാൽ കേവലം നാല് വർഷം കൊണ്ട് ലോകത്തുനിന്ന് ദാരിദ്ര്യം പൂർണ്ണമായും തുടച്ചുനീക്കാൻ സാധിക്കുമെന്നാണ് ഇക്കണോമിക് വിദഗ്ധരുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനും വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഈ തുക മതിയാകും. വിഭവങ്ങൾ ഏതാനും ചില കൈകളിൽ കേന്ദ്രീകരിക്കപ്പെടുന്നതാണ് ആഗോള സമ്പദ്‌വ്യവസ്ഥയുടെ പ്രധാന പോരായ്മയെന്ന് ഈ പഠനം അടിവരയിടുന്നു.

അസന്തുലിതമായ ഈ സമ്പത്ത് വിതരണം മൂലം കോടിക്കണക്കിന് മനുഷ്യർ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കഷ്ടപ്പെടുമ്പോഴാണ് മറുഭാഗത്ത് പത്തുപേർ മാത്രം ലോകത്തിന്റെ പകുതിയോളം വിഭവശേഷി നിയന്ത്രിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം ഇടപെടലുകൾ സമ്പന്നരുടെ ഭാഗത്തുനിന്നുണ്ടായാൽ വരും ദശകങ്ങളിൽ ലോകം നേരിടുന്ന പട്ടിണിയും പോഷകാഹാരക്കുറവും ചരിത്രമായി മാറുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *