തിരുവനന്തപുരം: റിക്കാര്‍ഡ് വരുമാനം സ്വന്തമാക്കി കേരള സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി). ചരിത്രത്തിലാദ്യമായി പ്രതിദിന വരുമാനം 13 കോടി രൂപ പിന്നിട്ടു. ജനുവരി അഞ്ചിനാണ് കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ നേട്ടം സ്വന്തമാക്കിയത്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ഈ വര്‍ത്ത പുറത്തു വിട്ടത്.കെഎസ്ആര്‍ടിസി പ്രവര്‍ത്തകരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണിതെന്നും നിങ്ങളെയോര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
‘ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം’
ഇപ്പോള്‍ നമ്മള്‍ ആഘോഷിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാ. ചരിത്രത്തില്‍ ഇത് ആദ്യമാണ്. ഈ നേട്ടത്തില്‍ നമ്മള്‍ക്ക് അഭിമാനിക്കാം..നമ്മള്‍ക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കല്‍കൂടി കെഎസ്ആര്‍ടിസിയുടെ ജീവനക്കാര്‍ തെളിയിച്ചു.
പ്രിയപ്പെട്ട എന്റെ കെഎസ്ആര്‍ടിസി ജീവനക്കാരേ, നിങ്ങളെയോര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു. നമ്മള്‍ നേടുന്ന ഓരോ നേട്ടങ്ങളും നമ്മുടെ കൂട്ടായ പ്രവര്‍ത്തനംകൊണ്ടാണ്. ഇനിയും ഏറെ ദൂരം നമ്മള്‍ക്ക് സഞ്ചരിക്കേണ്ടതുണ്ട്. നമ്മള്‍ക്ക് കഴിയും, നിങ്ങള്‍ കൂടെ നിന്നാല്‍ മതി.
ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് സര്‍വകാല റിക്കാര്‍ഡ്. 05.01.2026 ലെ ആകെ വരുമാനം 13.01 കോടി (ടിക്കറ്റ് വരുമാനം 12.18 ഇൃ. ടിക്കറ്റ് ഇതര വരുമാനം 0.83 ഇൃ.)
കെഎസ്ആര്‍ടിസി സിഎംഡി ഡോ.പ്രമോജ് ശങ്കറിന്റെയും മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഓഫീസര്‍മാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടര്‍ച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആര്‍ടിസിക്ക് സഹായകരമാകുന്നത്.
കഴിഞ്ഞവര്‍ഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവില്ലാതെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആര്‍ടിസി കൈവരിച്ചത്.
ഞാന്‍ മന്ത്രിയായി സ്ഥാനമേറ്റടുത്തതിന് ശേഷം നടത്തിയ കാലോചിതമായ പരിഷ്‌ക്കരണ നടപടികളും, കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ തുടര്‍ പ്രവര്‍ത്തനങ്ങളും ‘സ്വയംപര്യാപ്ത കെഎസ്ആര്‍ടിസി’ എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിര്‍ണായകമായി.
പുതിയ ബസുകളുടെ വരവും, സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരില്‍ വന്‍ സ്വീകാര്യത നേടിയിട്ടുണ്ട്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളും നിലവില്‍ പ്രവര്‍ത്തന ലാഭത്തിലാണ്.
മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആര്‍ടിസി നിശ്ചയിച്ചു നല്‍കിയിരുന്ന ടാര്‍ജറ്റ് നേടുന്നതിനായി ഡിപ്പോകളില്‍ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവര്‍ത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകള്‍ നിരത്തിലിക്കാനായതും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
കെഎസ്ആര്‍ടിസിയുടെ തുടര്‍ച്ചയായ, ഈ നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ അക്ഷീണം പ്രയത്‌നിക്കുന്ന കെഎസ്ആര്‍ടിസി സിഎംഡി ഡോ.പ്രമോജ് ശങ്കറിനും മാനേജ്‌മെന്റിനും കെഎസ്ആര്‍ടിസിയുടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും എന്റെ അഭിനന്ദനം അറിയിക്കുന്നു. വിശ്വാസ്യത പുലര്‍ത്തി കെഎസ്ആര്‍ടിസിയോടോപ്പം നില്‍ക്കുന്ന എല്ലാ യാത്രക്കാര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.
കെബി ഗണേഷ് കുമാര്‍
ഗതാഗത വകുപ്പ് മന്ത്രി

