മദ്യപിച്ച് വണ്ടിയോടിച്ചാൽ ലൈസൻസ് ‘പുകയാകും’

മദ്യപിച്ച് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മോട്ടോർ വാഹനവകുപ്പിന്റെ കർശന മുന്നറിയിപ്പ്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കപ്പെട്ടത് മദ്യപിച്ചുള്ള ഡ്രൈവിംഗിനെത്തുടർന്നാണെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മോട്ടോർ വാഹനവകുപ്പിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖകൾ പ്രകാരം, 2025 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 3,305 പേർക്കാണ് ഈ നിയമലംഘനത്തിന് താൽക്കാലികമായി ലൈസൻസ് നഷ്ടമായത്. സംസ്ഥാനത്ത് ആകെ നടന്ന ലൈസൻസ് റദ്ദാക്കൽ നടപടികളിൽ 37 ശതമാനവും ഈ ഒരു വിഭാഗത്തിൽപ്പെട്ടവരാണെന്നത് റോഡ് സുരക്ഷാ വെല്ലുവിളികളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.

മദ്യപിച്ചുള്ള ഡ്രൈവിംഗ് കഴിഞ്ഞാൽ ലൈസൻസ് നഷ്ടമായവരിൽ രണ്ടാം സ്ഥാനത്തുള്ളത് വാഹനാപകട മരണങ്ങൾക്ക് കാരണക്കാരായ ഡ്രൈവർമാരാണ്. സെപ്റ്റംബർ വരെ 558 പേരുടെ ലൈസൻസാണ് ഈ വിഭാഗത്തിൽ റദ്ദാക്കിയത്. ഇതിനുപുറമെ അമിതവേഗത്തിന് 155 പേർക്കും, വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചതിന് 90 പേർക്കും ലൈസൻസ് നഷ്ടമായി. ചരക്ക് വാഹനങ്ങളിൽ അനുവദനീയമായതിൽ കൂടുതൽ ഭാരം കയറ്റിയതിന് 59 പേർക്കെതിരെയും നടപടിയെടുത്തു. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ആറുമാസം മുതൽ രണ്ടുവർഷം വരെയാണ് ലൈസൻസുകൾ സസ്പെൻഡ് ചെയ്യുന്നത്.

കഴിഞ്ഞ ആറുവർഷത്തിനിടെ വിവിധ നിയമലംഘനങ്ങളെത്തുടർന്ന് സംസ്ഥാനത്ത് ആകെ 59,477 പേരുടെ ലൈസൻസാണ് മോട്ടോർ വാഹനവകുപ്പ് താൽക്കാലികമായി റദ്ദാക്കിയത്. കഴിഞ്ഞ നാലുവർഷവും തുടർച്ചയായി പതിനായിരത്തിലധികം പേർ ഇത്തരം നടപടികൾക്ക് വിധേയരായിട്ടുണ്ട്. 2025-ൽ ഒൻപത് മാസത്തിനിടെ മാത്രം 9,051 പേർക്ക് ലൈസൻസ് നഷ്ടമായിക്കഴിഞ്ഞു. വർഷാവസാനത്തെ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ ഈ സംഖ്യ പതിനായിരം കടക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. റോഡ് നിയമങ്ങൾ കർശനമായി പാലിക്കാത്തവർക്കെതിരെ വരുംദിവസങ്ങളിലും ശക്തമായ പരിശോധന തുടരാനാണ് പോലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *