വാഷിങ്ടൺ: ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള തന്റെ അധികാരം ചോദ്യം ചെയ്ത യുഎസ് സുപ്രീം കോടതി വിധിക്കു പിന്നാലെ, വിദേശ രാജ്യങ്ങൾക്കെതിരെ കടുത്ത ഭീഷണിയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോടതി വിധിയുടെ മറവിൽ അമേരിക്കയുമായി വ്യാപാര കാര്യങ്ങളിൽ ‘കളിക്കാൻ’ നിൽക്കുന്ന രാജ്യങ്ങൾ ഇതിലും വലിയ തീരുവയും പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഡൊണൾഡ് ട്രംപ് ഏകപക്ഷീയമായി ഏർപ്പെടുത്തിയ ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം (IEEPA) ഉപയോഗിച്ച് നികുതി ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്നും ഇത്തരം തീരുമാനങ്ങൾ കോൺഗ്രസിന്റെ അംഗീകാരത്തോടെ മാത്രമേ നടപ്പിലാക്കാവൂ എന്നും കോടതി വ്യക്തമാക്കി.
കോടതി വിധിയെ ‘അങ്ങേയറ്റം നിരാശാജനകം’ എന്നും ‘അമേരിക്കൻ വിരുദ്ധം’ എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. കോടതി വിധിയെ തുടർന്ന് ഇറക്കുമതി തീരുവ പിരിക്കുന്നത് നിർത്തലാക്കാൻ കസ്റ്റംസ് വിഭാഗത്തിന് നിർദ്ദേശം നൽകിയെങ്കിലും, തന്റെ അധികാരം ഉപയോഗിച്ച് പുതിയ തീരുവകൾ നടപ്പിലാക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
കോടതി റദ്ദാക്കിയ പഴയ നികുതി പരിഷ്കാരങ്ങൾക്ക് പകരമായി 1974-ലെ ട്രേഡ് ആക്ട് സെക്ഷൻ 122 പ്രകാരം 15 ശതമാനം പുതിയ ആഗോള തീരുവ ട്രംപ് പ്രഖ്യാപിച്ചു. ഇത് താൽക്കാലികമായി 150 ദിവസത്തേക്ക് പ്രാബല്യത്തിലുണ്ടാകും.
അമേരിക്കയെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ ‘കൂടുതൽ ശക്തമായ നടപടികൾ’ സ്വീകരിക്കാൻ തനിക്ക് സാധിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. “എനിക്ക് എന്ത് വേണമെങ്കിലും ചെയ്യാം” എന്ന രീതിയിലുള്ള കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.
കോടതി വിധി വന്നതോടെ ട്രംപ് ഭരണകൂടം അതുവരെ ശേഖരിച്ച നികുതി തുക (ഏകദേശം 175 ബില്യൺ ഡോളർ) ഇറക്കുമതിക്കാർക്ക് തിരികെ നൽകേണ്ടി വരുമോ എന്ന ചർച്ചകളും ആഗോള വിപണിയിൽ സജീവമാണ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ഈ പുതിയ തീരുവ പരിഷ്കാരങ്ങൾ എങ്ങനെ ബാധിക്കുമെന്നത് സാമ്പത്തിക ലോകം ഉറ്റുനോക്കുകയാണ്.

