ശ്രീലങ്കയില്‍ നാശംവിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്; സഹായവുമായി ഇന്ത്യ

ശ്രീലങ്ക: ശ്രീലങ്കയില്‍ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. രണ്ടുദിവസമായി രാജ്യത്ത് വീശിയടിച്ച കാറ്റില്‍ 56 പേര്‍ മരിച്ചതായി ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. 23 പേരെ ഇപ്പോഴും കണ്ടെത്തായിട്ടില്ല. രാജ്യത്ത് വ്യാപകമായുണ്ടായ മഴയിലും മണ്ണിടിച്ചിലിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യന്‍ കപ്പലുകള്‍ ശ്രീലങ്കയിലെത്തിയതായി പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ദുരിതാശ്വാസ സാമഗ്രികളാണ് കപ്പലിലുള്ളത്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനംനേര്‍ന്ന മോദി ഓപ്പറേഷന്‍ സാഗര്‍ ബന്ധുവിന്റെ ഭാഗമായി ഇന്ത്യ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും അറിയിച്ചു.

ഡിറ്റ് വാ ചുഴലിക്കാറ്റില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. എല്ലാ ദുരിതബാധിത കുടുംബങ്ങളുടെയും സുരക്ഷയ്ക്കായി ഞാന്‍ പ്രാര്‍ഥിക്കുന്നു”, മോദി എക്‌സില്‍ കുറിച്ചു. പ്രാഥമിക ദുരന്ത നിവാരണ സാമഗ്രികളും സഹായവും ശ്രീലങ്കയിലെത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ പരിശോധിച്ച് കൂടുതല്‍ സഹായം നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ അയല്‍പക്കക്കാരോടുള്ള പ്രഥമ നയവും ‘മഹാസാഗര്‍’ എന്ന കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്നതാണ് അടിയന്തിര സഹായം എന്ന് പ്രധാനമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിനെ വിന്യസിക്കുമെന്ന് വെള്ളിയാഴ്ച ഉദ്യോഗസ്ഥര്‍ അറിയിച്ചു. കിഴക്കന്‍ ട്രിങ്കോമലി മേഖലയില്‍ ആഞ്ഞടിച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനായി ശ്രീലങ്ക കാരിയറിന്റെ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ ഔദ്യോഗികമായി അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യയ്ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്. തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ, രാമനാഥപുരം, തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി തുടങ്ങിയ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ചെന്നൈ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മഞ്ഞ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Get the most relevant and reliable Malayalam news.
https://chat.whatsapp.com/Im1jGh0MgiPA0QotzsiTlB

Leave a Reply

Your email address will not be published. Required fields are marked *