ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ടത്തിന് എതിരായ നടപടികള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 242 നിയമവിരുദ്ധ വാതുവെപ്പ്, ചൂതാട്ട വെബ്സൈറ്റുകളുടെ രാജ്യത്തെ പ്രവര്‍ത്തനം തടഞ്ഞു. ഇതോടെ കഴിഞ്ഞ വർഷം ഉൾപ്പെടെ രാജ്യത്ത് പ്രവര്‍ത്തനം തടഞ്ഞ ഇത്തരം വെബ്‌സൈറ്റുകളുടെ എണ്ണം 7,800 പിന്നിട്ടതായി അധികൃതര്‍ അറിയിച്ചു.
യുവാക്കള്‍ ഉള്‍പ്പെടെ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനും നിയമവിരുദ്ധ ഓണ്‍ലൈന്‍ വാതുവെപ്പ്, ചൂതാട്ട പ്ലാറ്റ്ഫോമുകള്‍ മൂലമുണ്ടാകുന്ന സാമ്പത്തികവും സാമൂഹികവുമായ ദോഷങ്ങള്‍ തടയുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടി എന്നാണ് സര്‍ക്കാര്‍ നീക്കത്തിന് നല്‍കുന്ന വിശദീകരണം. 2022-നും 2025-നും ഇടയില്‍ 14,000-ലധികം ഓണ്‍ലൈന്‍ ഗെയിമിംഗ്, ബെറ്റിംഗ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു.
ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ നിയമം പ്രകാരമാണ് നടപടി. വാതുവെപ്പ് അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ ഗെയിമുകളുടെ പ്രതികൂലമായ സാമൂഹിക ആഘാതം തടയുക, യുവാക്കള്‍ ചൂഷണത്തിന് ഇരയാകുന്നത് തടയുക എന്നതാണ് ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ നിയമം 2025 ന്റെ പ്രാഥമിക ലക്ഷ്യം. ഭാരതീയ ന്യായ സംഹിത പ്രകാരം, അനധികൃത വാതുവെപ്പ് ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

