ഹരിത വിസ്മയമായി ഇല്ലിമുളംകാട് ; നെല്ലിയാമ്പതിയിൽ മുളകളുടെ അപൂർവ്വ ശേഖരം ശ്രദ്ധേയമാകുന്നു

നെല്ലിയാമ്പതി: പ്രകൃതിയുടെ പച്ചപ്പും കൗതുകവും ഒളിപ്പിച്ചുവെച്ച ‘ഇല്ലിമുളംകാട്’ നെല്ലിയാമ്പതിയിലെ സന്ദർശകർക്ക് പുത്തൻ അനുഭവമാകുന്നു. നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ നടന്നുവരുന്ന ‘നാച്ചുറ 26’ അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റിലാണ് വിവിധയിനം മുളകളുടെ ഈ മാതൃസസ്യത്തോട്ടം ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവ്വ മുളയിനങ്ങളെ ഒരിടത്ത് പരിചയപ്പെടാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഉറവ്’, കേരള വന ഗവേഷണ സ്ഥാപനം (KFRI) എന്നിവിടങ്ങളിൽ നിന്നായി ശേഖരിച്ച പതിനാലോളം വ്യത്യസ്ത ഇനം മുളകളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. മുള വർഗ്ഗങ്ങളിലെ ഭീമനായ ആനമുള മുതൽ കരകൗശല നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ഈറ്റ വരെ സന്ദർശകർക്ക് ഇവിടെ കാണാം.

മുളകളിലെ വൈവിധ്യങ്ങളായ റ്റുൾഡ, പോളി മോർഫ, ഗഡുവ എന്നിവയ്‌ക്കൊപ്പം കാഴ്ചയിൽ ഏറെ മനോഹരമായ ഗോൾഡൻ ബാംബൂവും മാതൃസസ്യത്തോട്ടത്തിന്റെ മാറ്റു കൂട്ടുന്നു. മുളകളുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും അവയുടെ വാണിജ്യ സാധ്യതകളെക്കുറിച്ചും പൊതുജനങ്ങൾക്ക് അറിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. നെല്ലിയാമ്പതിയിലെ തണുത്ത കാലാവസ്ഥയിൽ ഈ മുളയിനങ്ങൾ തഴച്ചു വളരുന്നത് കാർഷിക പ്രേമികൾക്കും പഠനസംഘങ്ങൾക്കും ഒരുപോലെ കൗതുകമുണർത്തുന്ന കാഴ്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *