സ്‌കൂള്‍ മുറ്റം നിറയെ ആളുകള്‍ കൂട്ടം കൂടി നിന്നിരുന്നു ശ്യാമയ്ക്ക് ഓട്ടോയില്‍ വന്നിറങ്ങാന്‍ ജാള്യത തോന്നി. ഒന്നാംതരം ഇന്നോവ കാര്‍ വീട്ടിലുള്ളപ്പോഴാ താനീ ഓട്ടോയില്‍ വന്നിറങ്ങുന്നത്. ആരൊക്ക കണ്ടുവോ ആവോ?. അതിനെങ്ങനാ. ബാലേട്ടന് എന്നുമില്ലാത്ത തിരക്കാണിന്ന്. നേരത്തെ പോയേപറ്റു, കാറില് പോയേപറ്റു.
സ്‌കൂള്‍ ഇവിടടുത്തല്ലേ ശ്യാമേ, നീ ഓട്ടോയില് പോ
എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ട് മറുത്തൊന്നും പറയാതെ ശ്യാമ ഇറങ്ങിപ്പോന്നു.ഡയമണ്ട് നെക്ലെസും, സ്മാര്‍ട്ട് വാച്ചും,പട്ടുസാരിയും പുതിയതാണ്.അതിന്റെയൊരു ഗമയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് അവള്‍ ഒഴുകിച്ചെന്നു.അനിയത്തി ദുബായില്‍ നിന്ന് കൊണ്ടുവന്ന കൊച്ചു വാനിറ്റിബാഗും നാലാള്‍ കാണട്ടെയെന്നവള്‍ ആഗ്രഹിച്ചു.
ഹായ് ശ്യാമേ, വരൂ. എന്തൊക്കെയുണ്ട് വിശേഷം?
പഴയ കൂട്ടുകാരികള്‍ അവളെ ഹാര്‍ദ്ധമായി സ്വീകരിച്ചു.പത്താം ക്ലാസ്സിന്റെ ഗെറ്റ്ടുഗെതര്‍ ആണ്.പലമുഖങ്ങള്‍ക്കും വലിയ മാറ്റം സംഭവിച്ചിരിക്കുന്നു.പഴയ ക്ലാസ്സ് മുറിയില്‍ ഒത്തുകൂടി അവര്‍ ആഹ്ലാദം പങ്കുവെച്ചു.
കളിചിരികളും പാട്ടും, സൊറപറച്ചിലും പുരോഗമിക്കവേ, രമയും ജ്യോതിയും ലീനയും ശ്യാമയെ മറ്റൊരിടത്തേക്ക് ക്ഷണിച്ചു.വ്യത്യസ്തങ്ങളായ ചെടികള്‍ക്കൊണ്ടും, പൂക്കള്‍ക്കൊണ്ടും അലങ്കൃതമായ ഒരു ഉദ്യാനം.താഴെ വലിയൊരുമൈതാനം. ശ്യാമയെ ആകര്‍ഷിച്ച ഒരു ചെടിയുടെ ഫോട്ടോ എടുത്തുകൊണ്ടിരിക്കെ,കൈയില്‍നിന്ന് അബദ്ധത്തില്‍ ഫോണ്‍ താഴെ മൈതാനത്തേക്ക് വീണു.
അയ്യോ!എന്റെ ഐ ഫോണ്‍
സാരി വലിച്ചുകുത്തി അവള്‍ പുറത്തേക്ക് ഓടി.പുറത്തുകടന്നതും താന്‍ കടന്നുവന്ന വഴിയോ,പടിയോ ഒന്നും അവള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല.എല്ലായിടത്തും അടഞ്ഞ ക്ലാസ്സ് മുറികള്‍ മാത്രം.ഒരു മനുഷ്യ ജീവിപോലുമില്ല.
അയ്യോ, എനിക്ക് വഴി തെറ്റിയോ. എല്ലാരും എവിടെ പോയ്!രക്ഷിക്കണേ… സഹായിക്കണേ..
ഉറക്കെ കരഞ്ഞുകൊണ്ടവള്‍ ഉന്മാ ദിനിയെപോലെ ഓടിനടന്നു.അല്പം കഴിഞ്ഞപ്പോള്‍ ഒരു ഇടനാഴിയിലൂടെ മകള്‍ ശ്വേത നടന്നുവരുന്നു. തന്നെ അന്വേഷിച്ചു വന്നതാകുമോ?
മോളെ, മാളു… ഇങ്ങോട്ട് വാ. അമ്മ ഇവിടെയുണ്ട്.
ശ്യാമ മകളുടെ അടുത്തേക്ക് ഓടിചെല്ലാനാഞ്ഞു. പക്ഷെ, അവളതൊന്നും കേട്ടില്ല. അടുത്ത് കണ്ട ഗോവണി വഴി അവള്‍ മുകളിലേക്ക് കയറിപ്പോയി.
ശ്യാമ ഓടിയോടി അവസാനം ഒരു ഇരുമ്പ് ഗേറ്റ് കണ്ടുപിടിച്ചു.റോഡ് കണ്ടപ്പോള്‍ അവള്‍ക്ക് ആശ്വാസമായി.ആ മൈതാനത്തേക്കുള്ള വഴി കണ്ടുപിടിക്കണം. പലരോടും ചോദിച്ചു. ആര്‍ക്കും അറിയില്ല.അതാ കുറച്ചാളുകള്‍ ഒരു കയറ്റം കയറി വരുന്നു. അവര്‍ ചൂണ്ടികാട്ടിയ വഴിയിലൂടെ അവള്‍ മൈതാനം ലക്ഷ്യമാക്കി നടന്നു. അങ്ങിനെ അവളത് കണ്ടെത്തി.ഒരാള്‍ക്ക് കഷ്ടിച്ച് നടക്കാന്‍ കഴിയുന്ന ഒരുപാട് താഴേക്ക് നീണ്ടുപോകുന്ന ഒരു ഗോവണി.പകുതി ദൂരമെത്തിയപ്പോള്‍, ആജാനുബാഹുവായ ഒരാള്‍ മുകളിലേക്ക് കയറിവരുന്നു.
അയ്യോ സര്‍ എനിക്ക് താഴേക്ക് പോയിട്ട് അത്യാവശ്യമുണ്ട്. ഒന്ന് സഹകരിക്കണം, ദയവായി
അയാള്‍ യാതൊരു ഭാവവ്യത്യാസവുമില്ലാതെ മുകളിലേക്ക് കയറിക്കൊണ്ടിരിക്കുന്നു.
സര്‍, പ്ലീസ്…
അവള്‍ അയാളുടെ നേരെ കൈകൂപ്പി.
കോപാകുലനായ അയാള്‍ പല്ലിറുമ്മി കൊണ്ട് തിരിച്ചു പോകാന്‍ ആജ്ഞാപിച്ചു.
പറ്റില്ലടോ.എനിക്ക് താഴേക്ക് പോയേ പറ്റു.’
ശ്യാമയും വിട്ടുകൊടുത്തില്ല.
പൊടുന്നനെ ആ മനുഷ്യന്‍ കയ്യിലുള്ള എന്തോ ഒരു ദ്രാവകം അവളുടെ തലയിലെക്കൊഴിച്ചു. അലറികരഞ്ഞുകൊണ്ടവള്‍ ചുറ്റും നോക്കി.ഒരുപാട് ആളുകള്‍ ഈ കാഴ്ചയും കണ്ട് നിശബ്ദരായി നില്‍ക്കുന്നു. ശ്യാമ അവരോട് പൊട്ടിത്തെറിച്ചു.
ഹേയ്,നിങ്ങളൊക്കെ മനുഷ്യരാണോ?,ഒരു സ്ത്രീയോട് ഈ അനീതി കാട്ടുന്ന കണ്ടിട്ട് കയ്യും കെട്ടി നോക്കിനില്‍ക്കുന്നോ!
ശ്യാമയുടെ കരച്ചില്‍ കണ്ടിട്ടാകണം കൂട്ടത്തില്‍ നിന്നൊരു പെണ്‍കുട്ടി -സുന്ദരിയായ പെണ്‍കുട്ടി-മുന്നോട്ട് വന്ന് ആ മനുഷ്യനെ ശകാരിച്ചു.എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട്,ആ മനുഷ്യന്‍ താഴെക്കിറങ്ങി അപ്രത്യക്ഷനായി.
ശ്യാമ വേഗം താഴെക്കിറങ്ങി.ആ പെണ്‍കുട്ടിയോട് നന്ദി പറയണം. തന്റെ ഫോണ്‍ അന്വേഷിച്ചു കണ്ടെത്തണം.പക്ഷെ, എത്ര തിരഞ്ഞിട്ടും ആ പെണ്‍കുട്ടിയെ അവള്‍ക്ക് കണ്ടെത്താനായില്ല.
പെട്ടെന്ന്,രണ്ടു കൈകള്‍ പിറകില്‍ നിന്ന് തന്നെ ചുറ്റി വരിയുന്നതായി ശ്യാമക്ക് തോന്നി. അവള്‍ തിരിഞ്ഞ് നോക്കി.
വഴിതെറ്റിപ്പോയല്ലേ. പേടിക്കണ്ട. ഞാന്‍ വീട്ടില്‍ കൊണ്ടാക്കാം
വെളുത്തു കുറുകിയ ഒരു മധ്യവയസ്‌ക്കന്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. ഒരു പൂച്ചകുഞ്ഞിനെപോലെ അവള്‍ അയാളെ അനുഗമിച്ചു.വഴിനീളെ അയാള്‍ എന്തൊക്കെയോ സംസാരിച്ചിരുന്നു.തോടും വയലുമെല്ലാം കടന്നാണ് അവര്‍ ആ വീട്ടുപടിക്കലെത്തിയത്. അകത്തേക്കു നോക്കി അയാള്‍ ഉറക്കെ വിളിച്ചു.അകത്തുനിന്ന് രണ്ടു സ്ത്രീകള്‍ ഇറങ്ങിവന്നു. മുണ്ടും ബ്ലൗസും മാത്രമാണവരുടെ വേഷം. ശങ്കിച്ചുനിന്നപ്പോള്‍ അവര്‍ അവളെ അകത്തേക്ക് ക്ഷണിച്ചു.
ഞാന്‍.. ഇവിടെ
ശ്യാമ പൂര്‍ത്തിയാക്കും മുമ്പേ അവര്‍ പറഞ്ഞു,
ഒന്നും പറയേണ്ട. ഞങ്ങള്‍ക്കറിയാം. കയറിവരൂ.
മുറ്റത്തുനിന്നും ഉമ്മറത്തേക്ക് കയറിയ ഉടനേ പച്ച ബ്ലൗസ്സിട്ടസ്ത്രീ ഉറക്കെ ചിരിക്കാന്‍ തുടങ്ങി. അവരുടെ കണ്ണുകള്‍ ചുവന്നു തുടുത്തിരുന്നു.പിന്നെയൊന്നും നോക്കിയില്ല. മുന്നില്‍ കണ്ട വഴിയിലൂടെ അവള്‍ ഓടി.ആടയാഭരണങ്ങളും, ബാഗും,ഫോണും എല്ലാം അവള്‍ മറന്നിരുന്നു.താനെത്തിപെട്ടതെവിടെയെന്നോ,എങ്ങോട്ടാണ് പോകേണ്ടതെന്നോ അവള്‍ക്ക് മനസിലായില്ല. വഴിയറിയാതെ കാട്ടില്‍ അകപ്പെട്ട സഞ്ചാരിയെപ്പോലെ.
വാഹനങ്ങളും, ആള്‍തിരക്കുമുള്ള ഒരു കവലയിലെത്തിയപ്പോള്‍ അവള്‍ക്കാശ്വാസമായി. ആരോടെങ്കിലും ചോദിച്ചറിയാമല്ലോ.അടുത്തുകണ്ട ഒരു കടക്കാരനോട് ചോദിക്കാമെന്ന് കരുതി നീങ്ങിയപ്പോള്‍ ഒരു ഇന്നോവ കാര്‍ അവളുടെ മുന്നില്‍ വന്നുനിന്നു. ഡോര്‍ തുറന്നു വരുന്ന ആളെ കണ്ടവള്‍ പൊട്ടിക്കരഞ്ഞു.
ബാലേട്ടാ….
ശ്ശേ..ശ്യാമേ, നീയെന്താ ഈ കാണിക്കണേ.എന്തിനാ കരയണേ.എണീക്ക്.എനിക്കിന്ന് നേരെത്തെ പോണംന്ന് ഞാന്‍ പറഞ്ഞതല്ലേ.
എങ്ങോട്ട്..?
ഉറക്കത്തിന്റെ ആലസ്യത്തില്‍നിന്നും ഉണരാനാവാതെ ശ്യാമ ചോദിച്ചു.
ആഹാ. ഞാനിന്നലെ പറഞ്ഞതൊക്കെ മറന്നോ.അല്ല!തനിക്കിന്ന് സ്‌കൂളില്‍ ഗെറ്റ് ടു ഗാദര്‍ അല്ലെ. പോണ്ടേ?
ആ മായക്കാഴ്ച്ചകളുടെ പിടുത്തത്തില്‍ നിന്നും മോചിതയായ ശ്യാമ,ചാടിപിടഞ്ഞെഴുന്നേറ്റു.കണ്ടതെല്ലാം സ്വപ്നമാണെന്ന് അവള്‍ക്ക് വിശ്വസിക്കാനായില്ല.മഞ്ഞചരടില്‍ കോര്‍ത്തകുഞ്ഞു താലി കഴുത്തില്‍ കിടന്ന് തിളങ്ങുന്നത് കണ്ണാടിയില്‍ പ്രതിഫലിച്ചു കണ്ടപ്പോള്‍ ഡയമണ്ട് നെക്ലെസിനെ ഓര്‍ത്തവള്‍ പൊട്ടിച്ചിരിച്ചു.മുറ്റത്ത് പാര്‍ക്ക്ചെയ്തിട്ടുള്ള ഓട്ടോക്ക് ഇന്നോവയുടെ ചന്തമുണ്ടോ…

