ചണ്ഡീഗഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യന്‍ വനിതകളുടെ ഏകദിന ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റി്ല്‍ സ്മൃതി മന്ഥാനയുടെ തിളക്കമേറിയ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യയ്ക്ക് 102 റണ്‍സ് വിജയം. ഇതോടെ ഇതുവരെയുള്ള മാച്ചുകളില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ വിജയം വീതം കുറിച്ച് സമനിലയിലായി. ഈ വിജയത്തിനു മറ്റൊരു സവിശേഷത കൂടിയുണ്ട്. പതിനെട്ടു വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ ഏതെങ്കിലുമൊരു ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയ്‌ക്കെതിരേ വിജയിക്കുന്നത്. ചണ്ഡീഗഡ് മഹാരാജ യാദവീന്ദ്രസിംഗ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുന്ന രീതിയാണ് സ്വീകരിച്ചത്. ഓപ്പണറായ പ്രതിക റാവല്‍32 പന്തുകളില്‍ നിന്നായി 25 റണ്‍സ് നേടി നല്ല തുടക്കമിട്ടു. ഒപ്പം ഓപ്പണ്‍ ചെയ്യാനിറങ്ങിയ മന്ഥാന പത്ത് ഓവറായപ്പോള്‍ തന്നെ എട്ടു ബൗണ്ടറിയും രണ്ടു സിക്‌സുമായി 64 റണ്‍സ് നേടിയിരുന്നു. എഴുപത്തേഴ് ബോളുകളെ നേരിട്ടാണ് ഇവര്‍ സെഞ്ചുറി തികച്ചത്. ഇതില്‍ 14 ഫോറും നാലു സിക്‌സും ഉള്‍പ്പെടുന്നു. ഏതെങ്കിലും വണ്‍ഡേ ഇന്റര്‍നാഷണലില്‍ ഒരു ഓപ്പണര്‍ വനിത നേടുന്ന രണ്ടാമത്തെ അതിവേഗ സെഞ്ചുറി എന്ന നിലയില്‍ കൂടി മന്ഥാനയുടെ നേട്ടം അടയാളപ്പെടുത്തപ്പെടുന്നു.
ഇന്ത്യയുടെ മധ്യനിരയിലേക്കു വന്നപ്പോള്‍ കാലിടറുന്നതിന്റെ സൂചനകള്‍ കണ്ടുവെങ്കിലും ദീപ്തി ശര്‍മ നേടിയ 40 റണ്‍സും സ്‌നേഹ് റാണ നേടിയ 24 റണ്‍സും കൂടിയായപ്പോള്‍ ഇന്ത്യ സുരക്ഷിതമായ അവസ്ഥയിലെത്തിയിരുന്നു. അവസാനം ഓസ്‌ട്രേലിയയ്ക്ക് 292 റണ്‍സ് എന്ന വിജയലക്ഷ്യം നീക്കിവച്ചാണ് ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിക്കുന്നത്.
രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയയുടെ തുടക്കം തന്നെ പാളി. ഒരു റണ്ണുമെടുക്കാതെ ജോര്‍ജിയ വാളും അലിസ ഹീലിയും പുറത്തായി. എല്ലിസ് പെറിയും അന്നബല്‍ സുതര്‍ലാന്‍ഡും പിടിച്ചു നില്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും എവിടെയും എത്തിയതേയില്ല. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നത് നല്ലൊരു ബാറ്റിങ് കൂട്ടുകെട്ട് രൂപപ്പെടുത്താനുള്ള അവസരം പോലും ഓസ്‌ട്രേലിയയ്ക്കു നല്‍കിയില്ല. അവസാനം നാല്‍പത് ഓവറും അഞ്ചു ബോളുമായപ്പോഴേക്ക് എല്ലാ കളിക്കാരും പുറത്തായിക്കഴിഞ്ഞു. വിജയം ഇന്ത്യയ്ക്കു സ്വന്തമാകുകയും ചെയ്തു.
18 വര്‍ഷത്തില്‍ ആദ്യമായി സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയ്ക്കു വിജയം, വനിത ഓഡിഐ ഇന്ത്യനേടി

