ആള്‍ക്കൂട്ട ദുരന്തം മുന്‍കൂട്ടി കാണാനും തടയാനും എഐ, കോഴിക്കോട് എന്‍ഐടിയുടെ പരീക്ഷണം വിജയത്തിലേക്ക്

കോഴിക്കോട്: എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആള്‍ക്കൂട്ട ദുരന്തങ്ങളെ തടയാനുള്ള പുതിയ പരീക്ഷണം വിജയത്തിലേക്കെത്തിക്കുകയാണ് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ദേശീയ പഠനകേന്ദ്രമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി). ആള്‍്ക്കൂട്ടം എത്ര വലുതായാലും എഐ അധിഷ്ഠിത ക്യാമറയിലൂടെ അവരെ നിരീക്ഷിച്ച് അസ്വാഭാവിക ചലനങ്ങള്‍ കണ്ടെത്തി പരിഹാരം കാണുകയാണ് ഇവരുടെ പരീക്ഷണത്തിലൂടെ ചെയ്യുന്നത്.

ഒരു നിശ്ചിത പ്രദേശത്തിന് എത്ര ആള്‍ക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നു മുന്‍കൂട്ടി പഠനം നടത്തി അക്കാര്യം കൃത്യമായി ഫീഡ് ചെയ്ത ക്യാമറകള്‍ക്ക് അതിലധികം ആള്‍ക്കൂട്ടം ഒന്നിച്ചു കൂടുകയോ തിക്കും തിരക്കുമുണ്ടാക്കാന്‍ തുടങ്ങുകയോ ചെയ്യുമ്പോള്‍ തന്നെ അതിന്റെ ദുരന്ത സാധ്യത സ്വയം വിശകലനം ചെയ്യുന്നതിനു സാധിക്കും. ഇങ്ങനെ വിശകലനം ചെയ്‌തെടുക്കുന്ന ഡാറ്റയുടെ സഹായത്തോടെ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ട കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും ഇതിനു സാധിക്കും. അതായത് ഒരു ആള്‍ക്കൂട്ടത്തിന്റെ തിക്കും തിരക്കും ദുരന്തമായി മാറുന്നതിനു മുമ്പു തന്നെ അധികൃതര്‍ക്ക് നിര്‍ദേശങ്ങള്‍ പോയിക്കഴിയും.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്‍ഐടിക്കു ലഭിച്ചിരിക്കുന്ന സാമ്പത്തിക സഹായത്തില്‍ നിന്നും ഒരു ഭാഗം ഉപയോഗിച്ചാണ് ഈ ഗവേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതിന്റെ ആദ്യഘട്ട ട്രയല്‍ റണ്‍ നടത്തിയിരിക്കുന്നത് കോഴിക്കോട് മിഠായിത്തെരുവ്, എന്‍ഐടി കാമ്പസ്, ഉത്തര്‍പ്രദേശിലെ വാരാണസി എന്നിവിടങ്ങളിലായിരുന്ന ട്രയല്‍ റണ്‍. മൂന്നിടത്തും വളരെ കൃത്യമായ രീതിയില്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനും വിശകലനം ചെയ്യാനും സാധിച്ചിട്ടുണ്ട്. കോഴിക്കോട്ട് അടുത്ത ദിവസം ആരംഭിക്കുന്ന അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് വേദിയില്‍ റിയല്‍ ടൈം പരീക്ഷണത്തിനാണിപ്പോള്‍ എന്‍ഐടി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *