സിഡ്‌നി: സ്വതന്ത്ര എം.പി അലെഗ്ര സ്പെൻഡർ ഉൾപ്പെടെയുള്ള വനിതാ നേതാക്കളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ തീവ്ര വലതുപക്ഷ നേതാവ് ജോയൽ ഡേവിസിന് (31) എൻ.എസ്.ഡബ്ല്യു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ നവംബർ മുതൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഡേവിസ്, മൂന്ന് തവണ ജാമ്യാപേക്ഷ തള്ളപ്പെട്ടതിനെത്തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
സ്വതന്ത്ര എം.പി അലെഗ്ര സ്പെൻഡർക്കെതിരെ ‘റിക്കോറിക്കൽ റേപ്പ്’ (Rhetorical rape) എന്ന പദം ഉപയോഗിച്ചതിനാണ് ഡേവിസിനെതിരെ പ്രധാനമായും കേസെടുത്തത്. ഇതൊരു ദാർശനിക പ്രയോഗം മാത്രമാണെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും, ഇത് സ്പെൻഡർക്കെതിരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കൂടാതെ, എൻ.എസ്.ഡബ്ല്യു ലിബറൽ നേതാവ് കെല്ലി സ്ലോൺ, ഇ-സേഫ്റ്റി കമ്മീഷണർ ജൂലി ഇൻമാൻ ഗ്രാന്റ് എന്നിവർക്കെതിരെയും അത്യന്തം മോശമായ രീതിയിലുള്ള കമന്റുകൾ ഡേവിസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നതായി കോടതിയിൽ വ്യക്തമായി.
തന്റെ രാഷ്ട്രീയ നിലപാടുകൾ കാരണം ജയിലിൽ കടുത്ത വിവേചനമാണ് നേരിടുന്നതെന്ന് ഡേവിസ് കോടതിയെ അറിയിച്ചു. ഡിസംബർ 24-ന് ശേഷം സെല്ലിന് പുറത്തിറങ്ങി ശുദ്ധവായു ശ്വസിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും നാല് ദിവസത്തിലൊരിക്കൽ മാത്രമാണ് കുളിക്കാൻ അനുവദിക്കുന്നതെന്നും ഡേവിസ് ബോധിപ്പിച്ചു. പ്രതി നേരിടുന്ന ഇത്തരം അസാധാരണമായ സാഹചര്യങ്ങൾ ജാമ്യം അനുവദിക്കുന്നതിൽ കോടതി കണക്കിലെടുത്തു.
പ്രതിയുടെ രാഷ്ട്രീയ നിലപാടുകളിൽ മാറ്റമില്ലാത്തത് സമൂഹത്തിന് ഭീഷണിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും, കർശനമായ നിബന്ധനകളിലൂടെ ഈ റിസ്ക് കുറയ്ക്കാൻ സാധിക്കുമെന്ന് ജസ്റ്റിസ് നതാലി ആഡംസ് നിരീക്ഷിച്ചു. താഴെ പറയുന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്:
സോഷ്യൽ മീഡിയയിൽ പോസ്റ്റുകളോ കമന്റുകളോ ഇടാൻ പാടില്ല.ഇൻറർനെറ്റ് സൗകര്യമുള്ള ഫോണുകളോ എൻക്രിപ്റ്റഡ് ഉപകരണങ്ങളോ ഉപയോഗിക്കാൻ പാടില്ല.അലെഗ്ര സ്പെൻഡർ, കെല്ലി സ്ലോൺ എന്നിവരുടെ 100 മീറ്റർ പരിധിയിൽ പ്രവേശിക്കരുത്.അതേസമയം, ഡേവിസിന്റെ സഹകാരിയും നിരോധിക്കപ്പെട്ട നാഷണൽ സോഷ്യലിസ്റ്റ് നെറ്റ്‌വർക്കിന്റെ നേതാവുമായ തോമസ് സെവെൽ, മെൽബണിലെ ചൈനീസ് കോൺസുലേറ്റിന് മുന്നിൽ മോശമായി പെരുമാറിയ കേസിൽ വ്യാഴാഴ്ച മെൽബൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി. തന്റെ മേൽ ചുമത്തിയ കുറ്റത്തിനെതിരെ ഭരണഘടനാപരമായ വാദങ്ങൾ ഉന്നയിക്കാനാണ് സെവെലിന്റെ നീക്കം.

