ദില്ലി: സെന്‍സസ് 2027നുള്ള നടപടികള്‍ ആരംഭിക്കുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു.കോവിഡ് മഹാമാരിയെത്തുടര്‍ന്ന് 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് നീണ്ടുപോയ സാഹചര്യത്തിലാണ് ഇപ്പോള്‍ പുതിയ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
സെന്‍സസ് നടപടികള്‍ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക.ഒന്നാം ഘട്ടം 2027 പകുതിയോടെ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും എടുക്കും. രണ്ടാം ഘട്ടം 2028 തുടക്കത്തില്‍ ആരംഭിക്കും യഥാര്‍ത്ഥ ജനസംഖ്യാ കണക്കെടുപ്പാണിത്. കണക്കെടുപ്പ് പൂര്‍ണ്ണമായും ഡിജിറ്റലായിരിക്കും.ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കും ഇത്.
ജനങ്ങള്‍ക്ക് ഒരു മൊബൈല്‍ ആപ്പ് വഴി സ്വന്തം വിവരങ്ങള്‍ സ്വയം രേഖപ്പെടുത്താനുള്ള സൗകര്യം ഉണ്ടായിരിക്കും.സെന്‍സസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ടാബ്ലെറ്റുകളോ സ്മാര്‍ട്ട്ഫോണുകളോ ഉപയോഗിക്കും. ഇത് വിവരങ്ങള്‍ വേഗത്തില്‍ വിശകലനം ചെയ്യാന്‍ സഹായിക്കും.സെന്‍സസ് 2027-ല്‍ ജാതി തിരിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കണമെന്ന ആവശ്യം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്നുണ്ട്.എന്നാല്‍, നിലവില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വിവരങ്ങള്‍ മാത്രമേ ശേഖരിക്കൂ എന്നാണ് സര്‍ക്കാര്‍ സൂചന നല്‍കുന്നത്. ജാതി സെന്‍സസ് വേണമെന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത ഉണ്ടായേക്കും.
2027ലെ സെന്‍സസ് വിവരങ്ങള്‍ പുറത്തുവന്നതിന് ശേഷമായിരിക്കും പാര്‍ലമെന്റ് മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയം നടക്കുക. ഇത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രാതിനിധ്യത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം.സര്‍ക്കാര്‍ പദ്ധതികള്‍ കൃത്യമായ ഗുണഭോക്താക്കളിലേക്ക് എത്തിക്കാന്‍ ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകള്‍ ഫലപ്രദമാകുമെന്ന് വിലയിരുത്തപ്പെടുന്നു

