ന്യൂഡൽഹി: പ്രതിരോധ മേഖലയിലെ കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യം 38,424 കോടി രൂപയുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ 62.66 ശതമാനത്തിന്റെ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2024-25 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 14,802 കോടി രൂപയുടെ അധിക കയറ്റുമതിയാണ് ഇത്തവണ നടന്നത്. ഇത് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്.ആകെ കയറ്റുമതിയുടെ 54.84 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുമാണ്. സ്വകാര്യ മേഖലയുടെ വിഹിതം 45.16 ശതമാനമാണ്.2025-ൽ 35,000 കോടി രൂപയുടെ കയറ്റുമതിയാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ലക്ഷ്യത്തേക്കാൾ കൂടുതൽ നേട്ടം കൈവരിക്കാൻ സാധിച്ചതായി മന്ത്രാലയം വ്യക്തമാക്കി. കയറ്റുമതി നടത്തുന്ന സ്ഥാപനങ്ങളുടെ എണ്ണം 128ൽ നിന്ന് 145 ആയി ഉയർന്നിട്ടുണ്ട്.
കയറ്റുമതിയിൽ വലിയ പുരോഗതി കൈവരിക്കുമ്പോഴും ആഗോള ആയുധ ഇറക്കുമതിയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 2021 മുതൽ 2025 വരെയുള്ള കണക്കുകൾ പ്രകാരം ലോകത്തെ ആകെ ആയുധ ഇറക്കുമതിയുടെ 8.3 ശതമാനവും ഇന്ത്യയിലേക്കാണ്.ആയുധ നിർമ്മാണ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ആഗോള വിപണിയിൽ സാന്നിധ്യം ഉറപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് ഈ നേട്ടം കരുത്തുപകരുന്നതാണ്.

