ന്യൂഡല്‍ഹി: പ്രപഞ്ചത്തെക്കുറിച്ചുള്ള ഏറ്റവും വലിയ രഹസ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഇന്ത്യയും ജപ്പാനും കൈകോര്‍ക്കുന്നു. ഭൂമിയില്‍ അല്ലാതെ ഈ പ്രപഞ്ചത്തില്‍ എവിടെയെങ്കിലും ജീവ സാന്നിധ്യമുണ്ടോയെന്ന ചോദ്യം കാലങ്ങളായി ശാസ്ത്ര ലോകത്തെ കുഴക്കിക്കൊണ്ടിരിക്കുന്നതാണ്. ഇതിനു പരിഹാരം കണ്ടെത്താന്‍ ഏറ്റവും ശക്തമായ ടെലിസ്‌കോപ്പ് വികസിപ്പിക്കുന്നതിനാണ് ഇന്ത്യയും ജപ്പാനും തമ്മില്‍ സഹകരിക്കുന്നതിനു തീരുമാനമായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര ഉപകരണങ്ങളിലൊന്നായ തേര്‍ട്ടി മീറ്റര്‍ ടെലിസ്‌കോപ്പിന്റെ നിര്‍മാണത്തിനാണ് ഇരു രാജ്യങ്ങളും ഒന്നിക്കുന്നത്.
തേര്‍ട്ടി മീറ്റര്‍ ടെലിസ്‌കോപ്പ് എന്നാല്‍ മുപ്പതു മീറ്റര്‍ നീളമുള്ള ടെലിസ്‌കോപ്പ് അല്ല, മുപ്പതു മീറ്റര്‍ വ്യാസമുള്ള ടെലിസ്‌കോപ്പാണ്. ഈ ഭീമന്‍ ടെലിസ്‌കോപ്പ് ഉപയാഗിച്ച് പ്രപഞ്ചത്തിലെ ബ്ലാക്ക് ഹോളുകള്‍, ഭൂമിക്കു സമാനമായ ഗ്രഹങ്ങള്‍, ഭൂമിക്കു പുറത്ത് ജീവി വര്‍ഗങ്ങളുടെ സാന്നിധ്യം തുടങ്ങിയ കാര്യങ്ങളിലെല്ലാം കൂറേക്കൂടി കാര്യക്ഷമമായ പഠനങ്ങള്‍ നടത്തുന്നതിനു സാധിക്കും. ഇന്ത്യയും ജപ്പാനുമാണ് ഈ ദിശയിലുള്ള പഠനത്തിനു മുന്നിട്ടിറങ്ങിയിരിക്കുന്നതെങ്കിലും അമേരിക്കയിലെ പ്രമുഖ സര്‍വകലാശാലകളും ഇതിനോടു സഹകരിക്കുന്നുണ്ട്.

