ക്രീസില്‍ ഇന്നു വീണ്ടും ഇന്ത്യ-പാക്കിസ്ഥാന്‍ ഏറ്റുമുട്ടല്‍, കളി നിയന്ത്രിക്കുന്നത് പാക് ടീം പരാതിപ്പെട്ട പൈക്രോഫ്റ്റ് തന്നെ

ദുബായ്: കഴിഞ്ഞ ഞായറാഴ്ചയിലെ ഇന്ത്യ-പാക് ക്രിക്കറ്റ് മാച്ചിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുടെ അലയൊലികള്‍ അടങ്ങുന്നതിനു മുമ്പു തന്നെ അടുത്ത അങ്കത്തിനായി ഇന്ന് ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ക്രീസിലിറങ്ങുന്നു. കളിക്കു ശേഷം കൈകൊടുക്കാതെ ഇന്ത്യ മടങ്ങിയെന്നത് ഉയര്‍ത്തിയ ചര്‍ച്ചകള്‍ പാക്കിസ്ഥാന്‍ ശേഷിക്കുന്ന മത്സരങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുവോളം എത്തിയിരുന്നു. എതിര്‍പ്പ് ഇന്ത്യയോടാണെങ്കിലും റഫറിയായിരുന്ന ആന്‍ഡി പൈക്രോഫ്റ്റിന്റെ പേരാണ് വിവാദത്തിലേക്കു കൊണ്ടുവന്നത്. എന്നാല്‍ റഫറിക്കെതിരായ പരാതി ഐസിസി തള്ളിയതോടെ പാക്കിസ്ഥാന് നാണം കെടേണ്ടി വന്നുവെങ്കിലും ഇന്നു കളിക്കിറങ്ങുമ്പോള്‍ അതേ പൈക്രോഫ്റ്റിന്‍ മുഖം തന്നെയായിരിക്കും കാണേണ്ടി വരുക. ഇന്നത്തെ ഇന്ത്യ-പാക് മത്സരവും നിയന്ത്രിക്കുക ഇതേ പൈക്രോഫ്റ്റ് തന്നെയായിരിക്കുമെന്നാണറിയുന്നത്.
അതിനിടെ ഇന്ത്യയോട് വീണ്ടും ഏറ്റുമുട്ടാന്‍ പാക് താരങ്ങളിറങ്ങുന്നത് കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതില്‍ നിന്നു താരങ്ങളെ കരകയറ്റാന്‍ പാക് ടീം അധികൃതര്‍ പ്രത്യേകം മാനസിക വിദഗ്ധനെ ഏര്‍പ്പാടാക്കിയുണ്ടത്രേ. റഹീല്‍ കരിം എന്ന ഡോക്ടറെയാണ് താരങ്ങള്‍ക്കു കൗണ്‍സലിങ് നല്‍കാന്‍ പിസിബി നിയോഗിച്ചിരിക്കുന്നതെന്നു റിപ്പോര്‍ട്ട് ചെയ്യുന്നത് പാക് മാധ്യമങ്ങള്‍ തന്നെയാണ്. കളിക്കാരുടെ സമ്മര്‍ദം നിയന്ത്രിക്കാന്‍ വേണ്ട പ്രായോഗികമായ മാര്‍ഗങ്ങളാണ് ഇദ്ദേഹം ഉപദേശിക്കുക. അതേ സമയം ഇന്ത്യയ്‌ക്കെതിരായ കളിക്കു മുമ്പ് മാധ്യമപ്രവര്‍ത്തകരരെ കാണുന്നതില്‍ നിന്നു പാക്കിസ്ഥാന്‍ പിന്‍മാറിയിട്ടുണ്ട്.