ന്യൂഡൽഹി: സിവിൽ ഏവിയേഷൻ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും (EU) തമ്മിൽ നിർണ്ണായക കരാറിൽ ഒപ്പിട്ടു. വിമാനങ്ങളുടെയും അനുബന്ധ ഭാഗങ്ങളുടെയും നിർമ്മാണത്തിലും സുരക്ഷാ മാനദണ്ഡങ്ങൾ ഏകീകരിക്കുന്നതിലും ഇരു വിഭാഗവും സഹകരിക്കും.ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA), യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയും (EASA) തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതാണ് പുതിയ കരാർ. ഇത് വിമാനങ്ങളുടെ സർട്ടിഫിക്കേഷൻ നടപടികൾ ലഘൂകരിക്കാൻ സഹായിക്കും. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കരുത്തേകുന്ന രീതിയിൽ വിമാനങ്ങളുടെയും എൻജിനുകളുടെയും ഉൽപ്പാദനം ഇന്ത്യയിൽ വർദ്ധിപ്പിക്കാൻ ഈ കരാർ വഴി സാധിക്കും. എയർബസ് (Airbus) പോലുള്ള പ്രമുഖ കമ്പനികളുമായുള്ള സഹകരണം ഇതിൽ നിർണ്ണായകമാകും. വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ (MRO), സുരക്ഷാ പരിശോധനകൾ, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിൽ അറിവുകൾ പങ്കുവെക്കും. ആഗോള വ്യോമയാന വിപണിയിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കുക എന്നതും കുറഞ്ഞ ചിലവിൽ മികച്ച സാങ്കേതികവിദ്യ ലഭ്യമാക്കുക എന്നതുമാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യം.ഇന്ത്യൻ സിവിൽ ഏവിയേഷൻ സെക്രട്ടറി വുമ്ലുൻമാങ് വുവൽനാം, യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ഇന്ത്യയുടെ വ്യോമയാന മേഖലയിലെ കുതിച്ചുചാട്ടത്തിന് ഈ കരാർ വലിയൊരു നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിമാന നിർമ്മാണ മേഖലയിൽ സഹകരിക്കാൻ ഇന്ത്യയും യൂറോപ്യൻ യൂണിയനും കരാർ ഒപ്പിട്ടു

